കൊച്ചി : ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരേണ്ട സമയമായെന്നും ടൂറിസം, പെട്രോളിയം മന്ത്രിയാണെങ്കിലും റെയിൽവേയ്ക്കായി കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി . എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച രാവിലെ വാരണാസിയിൽ വച്ചാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിന് പുറമേ, ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി റൂട്ടുകളിലും പുതിയ വന്ദേ ഭാരത് എത്തിയിട്ടുണ്ട്.
‘വിപ്ലവകരമായ വന്ദേ ഭാരത് വന്നപ്പോൾ, മറ്റ് നിരവധി ട്രെയിനുകൾ വൈകി, സ്റ്റോപ്പുകളും വേഗതയും സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായിരുന്നു. ഇതെല്ലാം സന്തുലിതമാക്കാൻ, കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണ്. ഇതിനെക്കുറിച്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സൗകര്യങ്ങൾ നൽകാൻ റെയിൽവേ തയ്യാറാണ്. ഈ വർഷം മാത്രം കേരളത്തിന് 3042 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 10,000 കോടി രൂപയോ അതിൽ കൂടുതലോ നൽകാൻ റെയിൽവേ തയ്യാറാണ്. ആവശ്യമുള്ളത് ഭൂമി മാത്രമാണ്.
വന്ദേ ഭാരത്, എക്സ്പ്രസ് ട്രെയിനുകളുടെ വേഗത ഇനിയും വർദ്ധിപ്പിക്കാൻ കഴിയും, പക്ഷേ ഇവിടുത്തെ വളവുകൾ നേരെയാക്കേണ്ടതുണ്ട്. സീറോ കർവ്, നോ കർവ്, ഡീപ്പ് കർവ് റെയിൽ ലൈനുകൾക്ക് സ്ഥലം കണ്ടെത്തണം. റെയിൽവേ സ്റ്റേഷന്റെ സ്ഥാനം പ്രധാനമാണ്. കൊച്ചിയുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെങ്കിൽ, കേരളത്തിലെ ഏറ്റവും വലിയ ഹബ് പൊന്നുരുന്നിയിൽ 110-117 ഏക്കറിൽ വരണം. ചെന്നൈയിലെ എംജിആർ സെൻട്രൽ സ്റ്റേഷൻ പോലുള്ള ഒരു റെയിൽവേ സ്റ്റേഷൻ ഞാൻ സ്വപ്നം കാണുന്നു.
റെയിൽവേ ഇല്ലാത്തതിനാൽ, താമസിക്കാനുള്ള സൗകര്യമില്ലാത്ത അഞ്ച് പട്ടണങ്ങളെങ്കിലും കേരളത്തിൽ ഉണ്ടാകും. അതിനുള്ള പരിഹാരം കണ്ടെത്തണം. കേരളത്തിലും ബുള്ളറ്റ് ട്രെയിൻ വരണം. അതിന് സീറോ കർവ് ഭൂമി ആവശ്യമാണ്. തൃശ്ശൂരിലേക്കുള്ള മെട്രോ എന്ന് ഞാൻ പറഞ്ഞില്ല, കോയമ്പത്തൂർ വരെ മെട്രോയെന്നാണ് ഞാൻ പറഞ്ഞത് ‘ സുരേഷ് ഗോപി വ്യക്തമാക്കി.

