തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് കാണാതായ ദമ്പതികളെയും മൂന്ന് വയസ്സുള്ള മകളെയും എറണാകുളത്ത് കണ്ടെത്തി; ഇത് കുടുംബത്തിന് ആശ്വാസമായി. പൂവച്ചൽ വീരണകാവ് സ്വദേശിയായ ശങ്കർ, ഭാര്യ ആതിര, മകൾ ധ്വനി എന്നിവരെ ഒക്ടോബർ 3 മുതൽ കാണാതായിരുന്നു. കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെത്തുടർന്ന് ആതിരയുടെ അമ്മയാണ് കാട്ടാക്കട പോലീസിൽ പരാതി നൽകിയത്. . കാട്ടാക്കട പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കുടുംബം സുരക്ഷിതരാണെന്ന വിവരം ലഭിച്ചത്. മാധ്യമവാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത് .
വീരണകാവിലെ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപമായിരുന്നു ശങ്കറും കുടുംബവും താമസിച്ചിരുന്നത്. വായ്പയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ബാങ്ക് ഉദ്യോഗസ്ഥർ ശങ്കറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവർ വീട്ടിലെത്തിയപ്പോൾ കുടുംബത്തെ അവിടെ കണ്ടില്ല. ബാങ്ക് ഉദ്യോഗസ്ഥർ ശങ്കറിന്റെ അമ്മയെയും ബന്ധപ്പെട്ടിരുന്നു. തുടർന്ന് അമ്മയും വീട്ടിൽ എത്തിയെങ്കിലും ശങ്കറിനെയോ ആതിരയെയോ മകളെയോ കണ്ടെത്താനായില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്ന സാഹചര്യത്തിൽ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

