തിരുവനന്തപുരം ; ശബരിമല ദർശനത്തിനായുള്ള സ്ലോട്ടുകൾ വൻ തോതിൽ ബുക്ക് ചെയ്ത് അവ ഭക്തർക്ക് ഉയർന്ന നിരക്കിൽ മറിച്ച് വിൽക്കാൻ ശ്രമിച്ചത് അന്യസംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികളെന്ന് ദേവസ്വം വിജിലൻസ് . സോഫ്റ്റ്വെയറിലുണ്ടായിരുന്ന സുരക്ഷാ പഴുത് മുതലെടുത്ത് ഒരു മൊബൈൽ നമ്പർ വഴി ബൾക്ക് ബുക്കിംഗ് നടത്തുകയായിരുന്നു.
എന്നാൽ ഇവ മറിച്ചു വിൽക്കാൻ കഴിയാതെ വന്നതോടെ ബുക്ക് ചെയ്ത സ്ലോട്ടുകൾ പലതും ഉപയോഗിക്കപ്പെടാതെ പോയി. തീർത്ഥാടന ദിവസത്തിന്റെ ആദ്യ പന്ത്രണ്ട് ദിവസങ്ങളും ദർശനത്തിനെത്തിയവരുടെ എണ്ണം കുറയാൻ കാരണവും ഇതാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ . വിജിലൻസ് വിഭാഗം ഇതുസംബന്ധിച്ച റിപ്പോർട്ട് ദേവസ്വം ബോർഡിന് സമർപ്പിച്ചു.
തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന ട്രാവൽ ഏജൻസികളാണ് ഇത്തരത്തിൽ സ്ലോട്ടുകൾ ബുക്ക് ചെയ്തതിനു പിന്നിലെന്നാണ് സൂചന. ബുക്കിംഗ് വെബ്സൈറ്റിൽ ഭക്തരുടെ ആധാർ നമ്പർ നൽകണമെങ്കിലും ഇതിൽ ഒടിപി അധിഷ്ഠിത സ്ഥിരീകരണ സംവിധാനം ഉണ്ടായിരുന്നില്ല. 12 അക്ക നമ്പർ മാത്രം ഉപയോഗിച്ച് ബുക്കിംഗ് പൂർത്തിയാക്കാൻ കഴിയും വിധമായിരുന്നു സോഫ്റ്റ്വെയർ .
ഇത്തരത്തിൽ ഏജൻസികൾ കൂട്ടത്തോടെ ബുക്ക് ചെയ്തതോടെ മറ്റ് ഭക്തർക്ക് ബുക്ക് ചെയ്യാനും കഴിഞ്ഞില്ല. കഴിഞ്ഞ മാസം 29 മുതലാണ് പ്രധാന ട്രാവൽ ഏജൻസികൾ വെർച്വൽ ക്യൂവിനായി ബുക്കിംഗുകൾ ആരംഭിച്ചത് ഈ മാസം 18 ഓടെ എല്ലാ സ്ലോട്ടുകളും ബുക്ക് ചെയ്യപ്പെട്ടു. സ്ലോട്ടുകൾ ലഭ്യമാകാതെ വന്നതോടെ ഭക്തരിൽ പലരും വൻ തുക നൽകി ട്രാവൽ ഏജൻസികളെ സമീപിക്കാൻ തുടങ്ങി. എന്നാൽ തട്ടിപ്പ് പുറത്ത് വന്നതോടെ ഏജൻസികൾ തങ്ങൾ ബുക്ക് ചെയ്ത സ്ലോട്ടുകൾ റദ്ദാക്കി.
അതേസമയം ഈ വിവരങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷിക്കുന്നതിന് ദേവസ്വം വിജിലൻസിന് പരിമിതികൾ ഉണ്ടെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സൈബർ പൊലീസും ഈ വിഷയം അന്വേഷിക്കുന്നുണ്ട്.

