ഡബ്ലിൻ: ഡബ്ലിൻ റേപ്പ് ക്രൈസിസ് സെന്റർ പുറത്തിറക്കിയ പരസ്യം പിൻവലിച്ചു. പരസ്യവീഡിയോയിൽ വലിയ വിമർശനങ്ങളും പരാതിയും ഉയർന്നതിന് പിന്നാലെയാണ് നീക്കം ചെയ്തത്. വി കൺസെന്റ് എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരസ്യം തയ്യാറാക്കിയത്.
പരസ്യത്തിലെ മുത്തശ്ശിയും മുത്തച്ഛനും കെട്ടിപ്പിടിയ്ക്കുമ്പോഴുള്ള കൊച്ചുമകളുടെ മുഖഭാവമാണ് വിവാദത്തിന് വഴിവച്ചത്. ഇരുവരും കെട്ടിപ്പിടിയ്ക്കുമ്പോൾ അനിഷ്ടം പ്രകടിപ്പിക്കുന്ന രീതിയിലാണ് കുട്ടിയുടെ മുഖഭാവം. പരസ്യം കണ്ടതോടെ വയോധികർ പരാതിയുമായി രംഗത്ത് വരികയായിരുന്നു. പരസ്യം കുട്ടികൾ മുത്തശ്ശിമാരെയും മുത്തച്ഛന്മാരെയും അകറ്റി നിർത്താൻ കാരണമാകും എന്നാണ് വിമർശനം. കുട്ടികളോട് ആണെങ്കിലും സ്നേഹം പ്രകടിപ്പിക്കുമ്പോൾ അവരുടെ സമ്മതം ചോദിക്കണമെന്ന സന്ദേശം നൽകുന്നതാണ് പരസ്യം.

