തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തലുകൾക്ക് ശേഷം തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണെന്ന് എഴുത്തുകാരി ഹണി ഭാസ്കരൻ . ഇത് സംബന്ധിച്ച് അവർ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും ഇമെയിൽ വഴി പരാതി നൽകി.
ഡിവൈഎഫ്ഐ നേതാക്കൾക്കും ഇടതുപക്ഷ പ്രവർത്തകർക്കുമൊപ്പമുള്ള ഹണി ഭാസ്കരന്റെ ചിത്രങ്ങൾ കോൺഗ്രസ് അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ മോശം തലക്കെട്ടുകളോടെ പ്രചരിക്കുന്നുണ്ടെന്നാണ് പരാതി. ഷാഫി പറമ്പിൽ എംപിക്ക് രാഹുലിന്റെ സ്വഭാവത്തെക്കുറിച്ച് അറിയാമെന്നും എന്നാൽ അദ്ദേഹത്തിനെതിരായ പരാതികളിൽ ഷാഫി പ്രതികരിച്ചില്ലെന്നും ഹണി ഭാസ്കരൻ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
രാഹുലിന്റെ ഇരകളിൽ വനിതാ കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെടുന്നുവെന്നും അവർ ആരോപിച്ചിരുന്നു. ഇതിനുശേഷമായിരുന്നു സൈബർ ആക്രമണമുണ്ടായത്. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. രാഹുലിന് ധൈര്യമുണ്ടെങ്കിൽ അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്യട്ടെ, ഞാൻ അത് നേരിടാൻ തയ്യാറാണ്. രാഹുലിന്റെ ഇരകളായ നിരവധി പേരെ എനിക്കറിയാം. രാഹുലിനെതിരെ പലരും ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.

