തിരുവനന്തപുരം: വൈസ് ചാൻസലർമാരുടെ നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾ സമവായത്തിലെത്തിയില്ല. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും ലോക് ഭവനിൽ ഗവർണറെ കണ്ടെങ്കിലും, താൻ തിരഞ്ഞെടുത്തവർ അർഹരാണെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിൽക്കുകയാണ് . മുഖ്യമന്ത്രി ഹാജരാകാത്തതിന്റെ കാരണവും ഗവർണർ മന്ത്രിമാരോട് ചോദിച്ചു.
സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിച്ച് ഗവർണറുമായി സമവായത്തിലെത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും , ഒരു ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ നിയമനങ്ങൾ സ്വയം നടത്തുമെന്നുമാണ് സർക്കാർ നിലപാട് . ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയയുടെ അധ്യക്ഷതയിൽ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. എന്നാൽ ഗവർണറും മുഖ്യമന്ത്രിയും നൽകിയ പട്ടികയിലെ പേരുകളെച്ചൊല്ലി തർക്കം നിലനിൽക്കുന്നു.
ഡിജിറ്റൽ സർവകലാശാലയുടെ വിസി സ്ഥാനത്തേക്ക് മുഖ്യമന്ത്രി സമർപ്പിച്ച പട്ടികയിൽ ഡോ. ജിൻ ജോസും ഡോ. പ്രിയ ചന്ദ്രനും മൂന്നും നാലും സ്ഥാനങ്ങളിൽ ഇടം നേടി. സാങ്കേതിക സർവകലാശാലയുടെ വിസിയായി ഡോ. ജി.ആർ. ബിന്ദുവിന്റെയും ഡോ. പ്രിയ ചന്ദ്രന്റെയും പേരുകൾ മുഖ്യമന്ത്രി ഉൾപ്പെടുത്തി. എന്നാൽ, ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്.
സിസ തോമസിനെ എതിർക്കുന്ന സർക്കാർ നിലപാടിനെ ഖണ്ഡിക്കാൻ ശക്തമായ പ്രസ്താവനകളാണ് ഗവർണർ നടത്തിയത് . നല്ല അക്കാദമിക് പശ്ചാത്തലമുള്ള , സർക്കാരിന് ബോധ്യമുള്ള വ്യക്തിയായിട്ടും എന്തിന് എതിർക്കുന്നുവെന്നാണ് ഗവർണർ ചോദിച്ചത്. മാത്രമല്ല മുഖ്യമന്ത്രി നിർദേശിച്ച സജി ഗോപിനാഥിനെ പറ്റിയുള്ള വിശദമായ തെളിവുകളും, രേഖകളും താൻ മുഖ്യമന്ത്രിയ്ക്ക് നൽകിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ തനിക്ക് ഉദ്ദേശമില്ലാത്തതിനാൽ, ഇതേക്കുറിച്ച് പൊതുവായി പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോടതിയിലും വിശദീകരിച്ചിട്ടില്ലെന്നും ഗവർണർ അറിയിച്ചു.

