തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ തീരുമാനം. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനാൽ നിരക്ക് വർദ്ധന അനിവാര്യമായി വന്നിരിക്കുകയാണ് എന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വേനൽക്കാല ഉപഭോഗത്തിന് പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കും. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞു. റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറും. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ വിഷയം സർക്കാരിന്റെ പരിഗണനക്ക് വിടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എന്നാൽ നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. 70 ശതമാനം വൈദ്യുതി, സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്.
വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.