ഈസ്റ്ററിന് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വീടുകളിൽ ഉണ്ടാക്കുന്ന പ്രധാന വിഭവമാണ് പിടിയും വറുത്തരച്ച കോഴിക്കറിയും. ഇതിനായി പച്ചരി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം . നന്നായി കുതിർന്ന അരി തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി ,അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക.
ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മാവ് ചെറിയ തീയിൽ കുറുക്കി എടുക്കാം. ആറുമ്പോൾ അല്പം നെയ്യ് ചേർത്ത് നന്നായി കുഴച്ച് എടുക്കുക. ഇതിനെ ചെറിയ നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ ആക്കണം.
ചുവടുകട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിക്കുക. വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ ഇതിലേക്ക് ഈ ഉരുളകൾ ഇട്ടുകൊടുക്കാം. ഉരുളകൾ വെന്ത് വെള്ളം വറ്റി നന്നായി കുറുകി തുടങ്ങുമ്പോൾ തേങ്ങപ്പാൽ ചേർക്കുക. തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം.വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ചുവന്നുള്ളിയും ഉണക്കമുളകും താളിച്ച് പിടിയിലേക്ക് ഒഴിച്ചു കൊടുക്കാം
ഒരു ഫ്രൈയിങ് പാനിൽ തേങ്ങ , മല്ലി , ഉണക്ക മുളക് , പെരും ജീരകം , ഏലക്കായ , ഗ്രാമ്പു , പട്ട , കുരുമുളക് , ഇഞ്ചി , വെളുത്തുള്ളി എന്നിവ വറുത്തെടുക്കുക. തേങ്ങ ബ്രൗണ് നിറം ആകുമ്പോൾ ഓഫ് ചെയ്തു മഞ്ഞൾപ്പൊടിയും ചേർത്തിളക്കി തണുക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാള,ചെറുതായി അരിഞ്ഞ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. സവാള നിറം മാറി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ അരച്ചുവച്ച മസാലയും ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എല്ലാം കൂടി നന്നായി യോജിച്ച് വരുമ്പോൾ മുക്കാൽ കപ്പ് തിളച്ച വെള്ളം വെള്ളം ഒഴിക്കുക. കറി നന്നായി കുറുകി വരുമ്പോൾ കറിവേപ്പില കൂടി ഇട്ട് അടച്ച് വയ്ക്കാം.

