തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ വെട്ടിപ്പു നടത്തിയ കേസില്‍ ജീവനക്കാരായ വിനീതയുടെയും രാധാകുമാരിയുടെയും ബാങ്ക് അക്കൗണ്ടുകളില്‍ കണക്കില്‍ കവിഞ്ഞ പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായി.
40 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകളാണ് കണ്ടെത്തിയത്. അതേസമയം മറ്റൊരു പ്രതിയായ ദിവ്യ ഇപ്പോഴും ഒളിവിലാണ്. അവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ദിവ്യയെക്കൂടി ചേര്‍ത്തിരുത്തി ചോദ്യം ചെയ്താലേ കേസില്‍ വ്യക്തത വരൂ.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് വിശദമായി പരിശോധിച്ചു. ജീവനക്കാര്‍ സ്വന്തം ക്യു ആര് കോഡ് ഉപയോഗിച്ച് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതിന് വ്യക്തമായ തെളിവു ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് വിനീതയും രാധാകുമാരിയും കീഴടങ്ങിയത്.
എന്നാല്‍ ചോദ്യം ചെയ്യലിനോട് പ്രതികള്‍ കാര്യമായി സഹകരിച്ചില്ല. നിലവില്‍ വിനീതയും രാധാകുമാരിയും റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

