തൃശൂർ: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ . മാർട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളിൽ വാണിജ്യാടിസ്ഥാനത്തിൽ അപ്ലോഡ് ചെയ്തവർ ഉൾപ്പെടെ മൂന്ന് പേരെയാണ് തൃശൂർ സിറ്റി പോലീസ് സംഘം അറസ്റ്റ് ചെയ്തു. നടിയെ ആക്രമിച്ച കേസിൽ മാർട്ടിൻ രണ്ടാം പ്രതിയാണ്.
എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ മൂവരും പണം വാങ്ങി വീഡിയോ പങ്കിട്ടതായി പോലീസ് കണ്ടെത്തി. BNSS-ന്റെ 72, 75 വകുപ്പുകളും ഐടി ആക്ടിന്റെ സെക്ഷൻ 67 ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് . 200-ലധികം വെബ്സൈറ്റുകളിൽ വീഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പോലീസിന്റെ സൈബർ വിഭാഗം ഇന്റർനെറ്റിലെ എല്ലാ സൈറ്റുകളിൽ നിന്നും വീഡിയോകൾ നീക്കം ചെയ്തു.
കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അപകീർത്തികരവും നിയമവിരുദ്ധവുമാണെന്ന് പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് മുന്നറിയിപ്പ് നൽകി

