തിരുവനന്തപുരം ; ശ്വാസതടസത്തെ തുടർന്നെത്തിയ തിരുവനന്തപുരം കൊല്ലങ്കോണം സ്വദേശി ബിസ്മീർ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്.
പ്രാഥമിക ചികിത്സ പോലും ഏറെ വൈകിയാണ് നൽകിയതെന്ന് ബിസ്മീറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞിരുന്നു. അവശനായ ബിസ്മീർ ആശുപത്രി വരാന്തയിൽ മിനിറ്റുകളോളം കാത്തിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ആശുപത്രിയുടെ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയതിനെ തുടർന്ന് പത്ത് മിനിട്ടിൽ അധികമാണ് ആശുപത്രി വരാന്തയിൽ ബിസ്മീറിനും ഭാര്യയും കാത്തിരുന്നത് . നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതർ സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു. ഈമാസം 19ന് പുലർച്ചയാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിസ്മീറിനെ വിളപ്പിൽശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. എന്നാൽ ഓക്സിജൻ, സി പി ആർ നെബുലൈസേഷൻ എന്നിവ നൽകാൻ തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത് .

