തിരുവനന്തപുരം: കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുകയാണെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടത്താനുള്ള നീക്കവുമായി പൊലീസ് . കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടെയാണ് കേസ് അന്വേഷിച്ച മുൻ ഉദ്യോഗസ്ഥൻ അലി അക്ബർ ബ്രൂണെയിൽ സുകുമാരക്കുറുപ്പുമായി സാമ്യമുള്ള ആളെ കണ്ടുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള വൃദ്ധനായ മലയാളിയെ ബ്രൂണൈയിൽ കണ്ടെത്തിയതായാണ് വിവരം. ബ്രൂണൈയിലെ സിംഗ് പാങ് എന്ന സ്ഥലത്താണ് സുകുമാരക്കുറുപ്പ് താമസിക്കുന്നതെന്ന് അലി അക്ബർ പറയുന്നു . വൃദ്ധന്റെ ഫോട്ടോകളും അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇയാൾ നിരീക്ഷണത്തിലാണെന്ന് പറയപ്പെടുന്നു. ഇയാൾ ബ്രൂണൈയിൽ അനധികൃതമായി താമസിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.കുറുപ്പിനോട് സാമ്യമുള്ള ആളിന്റെ ഫോട്ടോയും പുറത്തുവിട്ടു. എന്നാൽ അവകാശവാദങ്ങൾ പൊലീസ് തള്ളി. കുറുപ്പ് മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.

