ഭോപ്പാൽ : കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം നാലിരട്ടി വർദ്ധിച്ച് 1.80 ലക്ഷം കോടി രൂപയായതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . പ്രതിരോധ കയറ്റുമതി ഏകദേശം 39,000 കോടി രൂപയായി വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. ജബൽപൂരിലെ വെഹിക്കിൾ ഫാക്ടറിയിൽ ടി-സീരീസ് യുദ്ധ ടാങ്കുകളുമായി ബന്ധപ്പെട്ട വിഭാഗത്തിന് ശിലാസ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ് .
“2014-ൽ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ₹46,000 കോടിയായിരുന്നു, ഇപ്പോൾ അത് ഏകദേശം ₹1,80,000 കോടിയായി വർദ്ധിച്ചു. അതുപോലെ, പ്രതിരോധ കയറ്റുമതിയും 2014-ൽ ഏകദേശം ₹1,000 കോടിയിൽ നിന്ന് ₹39,000 കോടിയായി വർദ്ധിച്ചു. 2028-29 ആകുമ്പോഴേക്കും പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കുക എന്നതാണ് ലക്ഷ്യം.
ഇന്ത്യയുടെ പ്രതിരോധ മേഖല ഇപ്പോൾ പൂർണ സ്വാശ്രയത്വത്തിലേക്ക് ശക്തമായി നീങ്ങുകയാണ് . ഇന്ത്യ തദ്ദേശീയമായി ആയുധങ്ങൾ നിർമ്മിക്കുക മാത്രമല്ല, അവയുടെ അറ്റകുറ്റപ്പണികൾ, നവീകരണം എന്നിവയ്ക്കുള്ള ശേഷിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സ്വാശ്രയത്വത്തിലേക്കുള്ള യാത്രയിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് ഇന്നത്തെ പദ്ധതി. വരും വർഷങ്ങളിൽ, പ്രതിരോധ നിർമ്മാണ മേഖലയിൽ ഇന്ത്യ ശക്തമായ ഒരു രാഷ്ട്രമായി ഉയർന്നുവരും. പദ്ധതി തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും “ – രാജ്നാഥ് സിംഗ് പറഞ്ഞു.

