ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ 12 മാസത്തെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോലീസിന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഇതുവരെയുള്ള റെക്കോർഡുകൾ തിരുത്തുന്നതാണ് പുതിയ എണ്ണം.
വടക്കൻ അയർലൻഡിൽ ഒരു മാസത്തിനിടെ 503 വംശീയ സംഭവങ്ങളും 268 വംശീയ കുറ്റകൃത്യങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 2,561 വംശീയ സംഭവങ്ങളും 1,615 കുറ്റകൃത്യങ്ങളും ഉണ്ടായി. 2004- 05 ൽ ഡാറ്റാ സീരീസ് ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ 12 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. അതേസമയം കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ആംനസ്റ്റി ഇന്റർനാഷണലിന്റെ നോർതേൺ അയർലൻഡ് ഡയറക്ടർ പാട്രിക് കോറിഗൻ രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാ റെക്കോർഡുകളെയും തകർക്കുന്നതാണ് പുതിയ റിപ്പോർട്ട്. ഇതൊരു അടിയന്തിര രാഷ്ട്രീയ മുൻഗണന വേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

