കൊച്ചി ; തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ കഴിയുന്ന ഒരേയൊരു വ്യക്തി മുൻ ഭാര്യ മാത്രമായിരുന്നുവെന്ന് നടൻ വിനായകൻ . വേർപിരിയൽ തന്നെ വ്യക്തിപരമായി ജീവിതത്തിലെ വളരെ പ്രയാസകരമായ ഘട്ടത്തിലേക്ക് തള്ളിവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യയുമായുള്ള വേർപിരിയലിനുശേഷം താൻ കടുത്ത വൈകാരിക സമ്മർദ്ദത്തിലൂടെ കടന്നുപോയതായും സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.
‘ഞാൻ വിവാഹിതനായിരുന്നു, ഇപ്പോൾ ഞങ്ങൾ വേർപിരിഞ്ഞു. ഞങ്ങൾക്ക് കുട്ടികളില്ല. ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ വഴക്കുകൾ ഉണ്ടായിരുന്നില്ല, പക്ഷേ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ല. എനിക്ക് തുറന്നുപറയാൻ കഴിയുന്ന ഒരേയൊരു വ്യക്തി എന്റെ ഭാര്യയായിരുന്നു. ഇപ്പോൾ എനിക്ക് അങ്ങനെ ആരുമില്ല. ഞാൻ ഇപ്പോൾ വളരെ ഇരുട്ടിലായി പോയി.
സംസാരിക്കാൻ നമുക്ക് ആരെങ്കിലും വേണം, കുറഞ്ഞത് ഒരാളെങ്കിലും . എന്റെ തെറ്റുകൾ കാരണമാകാം എന്റെ ഭാര്യ ഉപേക്ഷിച്ചത് . അവൾക്ക് എന്നെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ ഒറ്റയ്ക്കായി, തകർന്നു, പുറത്തു പോകുന്നത് നിർത്തി. അത് അവളുടെ പ്രശ്നം അല്ല, എന്റെ പ്രശ്നം. എന്നെ സംബന്ധിക്കുന്ന പല കാര്യങ്ങളും അവൾ ഇപ്പോഴും ശ്രദ്ധിക്കുന്നു. എന്റെ യൂട്യൂബ് അക്കൗണ്ട് റീചാർജ് ചെയ്യുന്നത് അവളാണ് . ഞങ്ങൾ പിരിഞ്ഞില്ലെങ്കിൽ അത് അവൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഞാൻ അവൾക്ക് സമാധാനം നൽകുന്നില്ല. അവൾ സ്വന്തമായി ജീവിക്കുന്നതാണ് അവൾക്കും എനിക്കും നല്ലത്. ,’ വിനായകൻ പറഞ്ഞു.

