കണ്ണൂർ: പി.വി. അൻവറിന് മുന്നിൽ യു.ഡി.എഫ് വാതിൽ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നും അദ്ദേഹം വരാൻ തയ്യാറാണെങ്കിൽ മുന്നണി അൻവറിനെ കൂടെ നിർത്തുമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ . അൻവർ സ്വയം തിരുത്തിയാൽ വ്യക്തിപരമായി അൻവറിനെ കൂടെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് സുധാകരൻ പറഞ്ഞു.
“അൻവർ യു.ഡി.എഫിൽ ഉണ്ടായിരുന്നെങ്കിൽ അതൊരു ശക്തിയാകുമായിരുന്നു. സി.പി.എമ്മിനും സർക്കാരിനുമെതിരെ അദ്ദേഹം നടത്തിയ ശക്തമായ നിലപാടുകളും പ്രസ്താവനകളും യു.ഡി.എഫിനെ അൻവറിലേക്ക് ആകർഷിച്ചു. യു.ഡി.എഫിൽ ആർക്കും ഇപ്പോഴും അദ്ദേഹത്തോട് വെറുപ്പോ വിദ്വേഷമോ ഇല്ല. യു.ഡി.എഫിൽ ചേരുന്നതിൽ നിന്ന് അൻവറിന്റെ ആവശ്യങ്ങളാണ് അദ്ദേഹത്തെ തടഞ്ഞത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ അംഗീകരിക്കാത്ത ഒരാൾക്ക് എങ്ങനെ മുന്നണിയിൽ പ്രവേശിക്കാൻ കഴിയും?
അൻവർ സ്ഥാനാർത്ഥിയെ അംഗീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ സതീശൻ അദ്ദേഹത്തെ കൈപിടിച്ച് കൊണ്ടുവരുമായിരുന്നു. അൻവർ എടുത്ത ഒരു തീരുമാനത്തോട് വിയോജിച്ചപ്പോൾ സതീശന് അൻവറുമായി അഭിപ്രായവ്യത്യാസമുണ്ടായി. പ്രതിപക്ഷ നേതാവ് അയഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. അൻവറും അയഞ്ഞാൽ മാത്രമേ ഒരു തീരുമാനമെടുക്കാൻ കഴിയൂ. അൻവർ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. നിലമ്പൂരിൽ എം സ്വരാജിനെ സ്ഥാനാർത്ഥിയാക്കി സിപിഎം അദ്ദേഹത്തെ ബലിയാടാക്കി,” എന്നും കെ സുധാകരൻ പറഞ്ഞു.

