തിരുവനന്തപുരം: രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി പരാതി നൽകി അതിജീവിത . രാഹുൽ മറ്റൊരു വീഡിയോ നിർമ്മിച്ചുവെന്നും, സൈബര്‍ ആക്രമണത്തിന് സാഹചര്യം ഒരുക്കിയെന്നും യുവതി പരാതിയിൽ പറയുന്നു . എഐജിക്ക് ലഭിച്ച പരാതി സൈബർ പോലീസിന് കൈമാറി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരിയെ അപമാനിക്കരുതെന്നാണ് ജാമ്യ വ്യവസ്ഥ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. രാഹുൽ തന്റെ അസാന്നിധ്യം മുതലെടുത്ത് ഭാര്യയുമായി ബന്ധം പുലർത്തിയെന്നും, തന്റെ കുടുംബം തകർത്തുവെന്നുമായിരുന്നു പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വർ ഇന്നലെ ഒരു വീഡിയോ നിർമ്മിച്ചു. ഇതിനെതിരെയാണ് യുവതി പരാതി നൽകിയത്.
അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് കോടതി അടുത്തിടെയാണ് ജാമ്യം അനുവദിച്ചത് . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
‘ വാസ്തവത്തിൽ, ഇര സ്ത്രീയുടെ ഭർത്താവാണ്. അദ്ദേഹത്തിന്റെ സമ്പത്തും ജീവിതവും കളങ്കപ്പെട്ടിരിക്കുന്നു. എല്ലാവരും അദ്ദേഹത്തോടൊപ്പം നിൽക്കണം. ഞാൻ രാഹുലിനെ പിന്തുണയ്ക്കുന്നു, അതിലുപരി, ഞാൻ ആ പുരുഷനൊപ്പം നിൽക്കുന്നു. വാസ്തവത്തിൽ, അദ്ദേഹം അതിജീവിച്ചയാളാണ്. അദ്ദേഹത്തെയും രാഹുലിനെയും ആരാണ് വഞ്ചിച്ചത്? ചിന്തിക്കുക. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സത്യം പുറത്തുവരുന്നു. എന്നെപ്പോലുള്ള ഒരു ശതമാനം ആളുകൾ മാത്രമാണ് സത്യം പറയുന്നത്. വ്യാജ പരാതികൾക്കെതിരെ നമുക്ക് സ്വയം പ്രതിരോധിക്കാം.‘ എന്നാണ് രാഹുൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിൽ പറയുന്നത് .

