ആലപ്പുഴ : പാർട്ടിയുമായി അകന്ന് നിൽക്കുന്ന മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ കാണാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ .സുധാകരനെ കാണാൻ മുഖ്യമന്ത്രി എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആലപ്പുഴയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത മുഖ്യമന്ത്രി, സുധാകരനെ കാണാതെ ജില്ല വിട്ടു.
സുധാകരന്റെ വീടിനടുത്തുള്ള മങ്കൊമ്പ് എ.സി. റോഡ് ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന സ്ഥലത്തേക്ക് പോയി. മുഖ്യമന്ത്രി തന്നെ സന്ദർശിക്കുന്നില്ലെന്ന് അറിഞ്ഞതിന് പിന്നാലെ ജി. സുധാകരൻ തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് പെരുമ്പളം പാല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം നീക്കം ചെയ്തു. അനുമതി തേടാതെ ലിങ്ക് പോസ്റ്റ് ചെയ്തതിന്റെ പിഴവിന് സുധാകരൻ തന്റെ അഡ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു .
കായൽക്കടവിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലമായ പെരുമ്പളം പാലത്തിന്റെ രൂപകൽപ്പന തയ്യാറാക്കിയപ്പോൾ ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫോണിലൂടെ പരിപാടിയിൽ പങ്കെടുക്കാൻ ജി സുധാകരനെ ക്ഷണിച്ചിരുന്നു. എന്നാൽ, കാലിന് പരിക്കേറ്റതാണ് പരിപാടിയിൽ പങ്കെടുക്കാൻ തടസ്സമായി സുധാകരൻ ചൂണ്ടിക്കാണിച്ചത്.
ജി സുധാകരന് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, നോട്ടീസിൽ പേര് ഉൾപ്പെടുത്തിയത് ഒരു അനുനയ നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്നലെ അനുനയ നീക്കത്തിന്റെ ഭാഗമായി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സുധാകരന്റെ ബന്ധുവുമായ ജി. ഹരിശങ്കറും പറവൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു.

