തൃശൂർ: സംസാരിക്കാൻ കഴിയാത്ത ദമ്പതികളെ വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരൂർ പെരിന്തല്ലൂർ സ്വദേശി റാഷിദ് (25) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.വിസ വാഗ്ദാനം ചെയ്ത് 17 പവനും , ഐ ഫോണുമാണ് റാഷിദ് തട്ടിയെടുത്തത്.
മണികണ്ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് ഇയാൾ കബളിപ്പിച്ചത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം, ഭർത്താവിന് ഗൾഫ് വിസ വാഗ്ദാനം ചെയ്യുകയായിരുന്നു. കുന്നംകുളത്തേക്ക് വിളിച്ച് ചില പേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിച്ച ശേഷം, റാഷിദ് സ്വർണ്ണവും ഫോണും കൈവശപ്പെടുത്തി.
തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പിന്നീട് പോലീസിൽ പരാതി നൽകി. എറണാകുളത്ത് നിന്നാണ് റാഷിദിനെ അറസ്റ്റ് ചെയ്തത് . ചാലിശ്ശേരി സ്വദേശിയിൽ നിന്ന് ആറ് പവൻ സ്വർണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.

