കൊച്ചി : മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം ക്രൈംബ്രാഞ്ച് അല്ലെങ്കിൽ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ അപ്പീൽ നൽകി. സിബിഐ അന്വേഷണം നിരാകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോൾ ആയിരുന്നു മഞ്ജുഷ കോടതിയിൽ ആവശ്യമുന്നയിച്ചത്.
രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം നടത്തുന്നത് എന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം . പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് കേസിൽ ആവശ്യമെന്നും വ്യക്തമാക്കിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
അതേ സമയം ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം സർക്കാർ എതിർത്തില്ല. തുടർന്ന് ജസ്റ്റിസ് മാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ , എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ ഉത്തരവിനായി മാറ്റി . 2024 ഒക്ടോബർ 14നാണ് നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.