അഹമ്മദാബാദ്: ടി20 ലോകകപ്പിൽ മൂന്നാം തവണയും കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തറപറ്റിച്ചു. മലയാളി താരം സഞ്ജു സാംസണിന്റെ മികച്ച പ്രകടനാണ് ഇന്ത്യയെ മൂന്നാമതും ലോകപ്പ് കിരീടം എത്തിപ്പിടിക്കാൻ തുണച്ചത്. 96 റൺസിന് ആയിരുന്നു ന്യൂസിലൻഡിന്റെ പരാജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 255 റൺസ് സ്വന്തമാക്കി. 20 ഓവർ പൂർത്തിയാകുമ്പോൾ 5 വിക്കറ്റുകൾ മാത്രമായിരുന്നു ഇന്ത്യയുടെ നഷ്ടം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യയുടെ ബൗളിംഗ് നിരയെ മറികടക്കാൻ കഴിഞ്ഞില്ല.19 ഓവറിൽ 159 എന്ന സ്കോറിൽ ന്യൂസിലൻഡിനെ ഇന്ത്യ ഒതുക്കി
നാലോവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂമ്രയാണ് ന്യൂസിലൻഡിനെ തകർത്തത്. അക്ഷർ പട്ടേലിനും 3 വിക്കറ്റ് ലഭിച്ചു. 46 പന്തിൽ 89 റൺസ് നേടിയ സഞ്ജു സാംസൺ ആയിരുന്നു ടീമിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. സഞ്ജുവിന് കൂട്ടായി അർധ സെഞ്ച്വുറി തികച്ച് ഇഷാൻ കിഷനും അഭിഷേക് ശർമ്മയും ഉണ്ടായിരുന്നു. 25 പന്തിൽ ഇഷാൻ കിഷൻ 54 റൺസ് എടുത്തപ്പോൾ, അഭിഷേക് ശർമ്മ 21 പന്തിൽ 52 റൺസ് വാരിക്കൂട്ടി. 26 പന്തിൽ 52 റൺസ് നേടിയ ടിം സീഫെർട്ടാണ് ന്യൂസിലൻഡിന്റെ ടോപ്പ് സ്കോറർ.

