ഡബ്ലിൻ: ഒമാനിൽ നിന്നുള്ള ആദ്യ സർക്കാർ ചാർട്ടേർഡ് വിമാനം ഡബ്ലിനിൽ എത്തി. ഇന്ന് പുലർച്ചെ 5 മണിയ്ക്ക് മുൻപായിട്ടായിരുന്നു വിമാനം ഡബ്ലിനിൽ ലാൻഡ് ചെയ്തത്. മസ്ക്കറ്റിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ 194 യാത്രികരാണ് ഉണ്ടായിരുന്നത്. ഇവരെ വിമാനത്താവളത്തിലെത്തിയ ഉറ്റവർ സ്വീകരിച്ചു.
സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആകെ 194 പേരിൽ 180 പേരാണ് ഐറിഷ് പൗരന്മാരായി ഉള്ളത്. ശനിയാഴ്ച ഡബ്ലിനിൽ എത്തേണ്ടതായിരുന്നു വിമാനം. എന്നാൽ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഇത് വൈകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിമാനം ഡബ്ലിനിൽ നിന്നും പുറപ്പെട്ടത്. ഈ വിമാനത്തിന് ഈജിപ്തിലെ കെയ്റോയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. ഇവിടെവച്ച് വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടു. ഇത് വിമാനം വീണ്ടും താമസിക്കാൻ ഇടയാക്കി.

