പത്തനംതിട്ട : വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അലിൻ ഷെറിൻ എബ്രഹാമിന്റെ ഭൗതികശരീരം നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ എത്തിച്ചു. ഇന്ന് രാവിലെ 7 മണിക്ക് മല്ലപ്പള്ളിയിലെ ജോർജ്ജ് മാത്തൻ ആശുപത്രി ചാപ്പലിൽ പ്രാർത്ഥനകൾ ആരംഭിച്ചു. ആശുപത്രിയിലെ പൊതുദർശനത്തിന് ശേഷം, മൃതദേഹം രാവിലെ 8 മണിക്കാണ് നെടുങ്ങാടപ്പള്ളിയിലെ വീട്ടിലേക്ക് എത്തിച്ചത്. വീട്ടിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് പൊതുദർശനം.
ഉച്ചയ്ക്ക് 2 മണി വരെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. അതിനുശേഷം പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതദേഹം നെടുങ്ങാടപ്പള്ളിയിലെ സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം 4 മണിക്ക് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. മന്ത്രിമാർ ഉൾപ്പെടെ നിരവധി പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും. ഫെബ്രുവരി 5 ന് കോട്ടയത്ത് ഉണ്ടായ വാഹനാപകടത്തിലാണ് അലിൻ ഷെറിൻ എബ്രഹാമിന് ഗുരുതരമായി പരിക്കേറ്റത് . അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
പിന്നാലെ ഹൃദയ വാൽവ്, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്തു. അപകടത്തിൽ പരിക്കേറ്റ അമ്മ ഷെറിൻ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. അവയവദാനത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത് അലിൻ്റെ അച്ഛൻ അരുൺ ആണ്. ഷെറിനോട് പറഞ്ഞപ്പോൾ അവർ പൂർണ്ണഹൃദയത്തോടെ സമ്മതിച്ചുവെന്നും തുടർന്ന് സർക്കാർ സംവിധാനമായ കെ-സോട്ടോ വഴി അവയവദാന പ്രക്രിയ ഏകോപിപ്പിച്ചെന്നും അരുൺ പറഞ്ഞു. ലോകം മുഴുവൻ അലിനെ ഞങ്ങളോടൊപ്പം സ്നേഹിക്കുന്നുവെന്ന് അരുൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

