തിരുവനന്തപുരം : ഈ വർഷത്തെ ആറ്റുകാൽ മഹോത്സവം മാർച്ച് 5 ന് ആരംഭിക്കും . 13 നാണ് പതിനായരങ്ങൾ പങ്കെടുക്കുന്ന പൊങ്കാല. 5 ന് രാവിലെ 10 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. ആൺകുട്ടികൾക്കുള്ള കുത്തിയോട്ട ചടങ്ങിനുള്ള വഴിപാടുകൾ വൈകുന്നേരം 7 മണിക്ക് നടക്കും. മാർച്ച് 13 ന് രാവിലെ 10.15 ന് അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കും
തുടർന്ന് ഉച്ചയ്ക്ക് 1.15 ന് നിവേദ്യവും രാത്രി 11.15 ന് പുറത്തെഴുന്നേൽപ്പ് ചടങ്ങുകളും നടക്കും. മാർച്ച് 14 ന് രാത്രി 10 ന് കാപ്പഴിക്കൽ ചടങ്ങ്. കുരുതി തർപ്പണത്തോടെയാകും ഉത്സവം അവസാനിക്കുക.
ത്സവത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ 30 വാർഡുകളെ ‘ഉത്സവ മേഖല’യായി പ്രഖ്യാപിച്ചു. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് പരിപാടി നടക്കുക.ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയതിനുശേഷം മാത്രമേ ഉത്സവവുമായി ബന്ധപ്പെട്ട ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കാൻ കഴിയൂ. അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ഈഞ്ചക്കൽ ഫ്ലൈഓവർ പൊങ്കാലയ്ക്ക് മുൻപായി തുറക്കും. മാർച്ച് 13 ന് ജില്ലയിൽ അവധി പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സുരക്ഷയ്ക്കായി രണ്ട് ഘട്ടങ്ങളിലായി മൂവായിരത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്നും നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അറിയിച്ചു.കോർപ്പറേഷൻ പരിധിക്കുള്ളിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും മാർച്ച് 12 ന് വൈകുന്നേരം 6 മുതൽ മാർച്ച് 13 ന് (പൊങ്കാല ദിവസം) വൈകുന്നേരം 6 വരെ മദ്യവിൽപ്പന നിരോധിക്കും.