കൊച്ചി : ആലുവയിൽ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
മെയ് 20 നാണ് ചാലക്കുടി നദിയിൽ നിന്ന് മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത് . മരണകാരണം ‘വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടി’യാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള കുട്ടിയുടെ അമ്മയ്ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 101 (3) പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കുട്ടി ലൈംഗികപീഡനത്തിനിരയായതായി വ്യക്തമായിരുന്നു . ഭർതൃവീട്ടിൽ ശാരീരിക-മാനസിക പീഡനത്തിനിരയായതായി കുട്ടിയുടെ അമ്മയും വെളിപ്പെടുത്തിയിരുന്നു. അതേസമയം കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ വ്യക്തതയ്ക്കായി പോലീസ് കാത്തിരിക്കുകയാണെന്ന് എറണാകുളം റൂറൽ എസ്പി എം ഹേമലത പറഞ്ഞു.