കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലെ സംഘർഷത്തിൽ ഉൾപ്പെട്ട രണ്ട് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. സംഭവത്തിൽ വടകര ഡിവൈഎസ്പി ഹരിപ്രസാദിനും പേരാമ്പ്ര ഡിവൈഎസ്പി സുനിൽ കുമാറിനുമെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പേരാമ്പ്ര സംഘര്ഷത്തില് പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി നേരത്തെ പരാതി നൽകിയിരുന്നു .സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നൽകിയത്.
ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്.എന്നാൽ, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിവരം.പേരാമ്പ്രയിലെ സംഘർഷത്തിനിടെ പോലീസ് സ്ഫോടകവസ്തു എറിഞ്ഞതായി കോൺഗ്രസ് ആരോപിച്ചിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്തുവിട്ടിരുന്നു. പോലീസ് കണ്ണീർവാതകത്തോടൊപ്പം ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയിലാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് കോൺഗ്രസ് ആരോപിച്ചു.പ്രതിഷേധത്തിനിടെ സ്ഫോടകവസ്തുക്കൾ എറിഞ്ഞതിനും പോലീസിനെ ആക്രമിച്ചതിനും അഞ്ച് യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഷാഫി പറമ്പിൽ എംപി ഒന്നാം പ്രതിയുൾപ്പെടെ 700 പേർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
പ്രദേശവാസികളായ മുസ്തഫ, നസീർ, റഷീദ്, സജീർ, മിഥിലാജ് എന്നിവരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ യുഡിഎഫ് പ്രവർത്തകർ പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞുവെന്ന എൽഡിഎഫിന്റെ ആരോപണത്തിൽ പേരാമ്പ്ര പോലീസ് കഴിഞ്ഞ ദിവസം ഏഴ് യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു.

