ആലപ്പുഴ : പ്രസവശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കൊല്ലം തേവലക്കര സ്വദേശിയായ ജാരിയത്ത് (22) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രസവം. ഈ മാസം 14 നാണ് ജാരിയത്തിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ജാരിയത്ത് പ്രസവിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഉടൻ തന്നെ വണ്ടാനത്തേക്ക് മാറ്റി. വെന്റിലേറ്ററിൽ ആയിരുന്നെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു.
അനസ്തേഷ്യ നൽകുന്നതിൽ പിഴവ് സംഭവിച്ചതായും, അനസ്തേഷ്യ നൽകാൻ പുറത്തുനിന്ന് ഒരു ഡോക്ടറെ കൊണ്ടുവന്നതായും ബന്ധുക്കൾ പറയുന്നു. വണ്ടാനം മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. എന്നാൽ, ചികിത്സയിൽ ഒരു പിഴവും വരുത്തിയിട്ടില്ലെന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു .
‘ സിസേറിയൻ വഴിയായിരുന്നു പ്രസവം. ആശുപത്രിയിൽ അനസ്തേഷ്യയ്ക്ക് ഒരു ഡോക്ടറുണ്ട്. ഈ ഡോക്ടറുടെ അഭാവത്തിൽ, കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്ന് മറ്റൊരു വിദഗ്ദ്ധനെ കൊണ്ടുവന്ന് അനസ്തേഷ്യ നൽകി. പ്രസവശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് മാറ്റിയപ്പോൾ യുവതിയുടെ രക്തസമ്മർദ്ദത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. എത്ര ശ്രമിച്ചിട്ടും അത് സാധാരണ നിലയിലായില്ല. തുടർന്ന് അവരെ വണ്ടാനത്തേക്ക് റഫർ ചെയ്തു. മരണകാരണം കാർഡിയോമയോപ്പതി ആയിരിക്കാം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് സ്ഥിരീകരിക്കാൻ കഴിയുമെന്നും ‘ ആശുപത്രി അധികൃതർ പറയുന്നു.

