കൊച്ചി: കേരള തീരത്ത് വച്ച് തീപിടിച്ച വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുകയാണെന്ന് കോസ്റ്റ് ഗാർഡ് . റിപ്പോർട്ടുകൾ പ്രകാരം, കപ്പലിൽ ആകെ 620 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. തീപിടുത്തത്തെ തുടർന്ന് ഈ കണ്ടെയ്നറുകളിൽ പലതും കടലിൽ വീണു. അതേസമയം ജീവനക്കാരെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
അതേസമയം, കാണാതായ നാല് ജീവനക്കാർക്കായി രണ്ട് കോസ്റ്റ് ഗാർഡ് കപ്പലുകൾ തിരച്ചിൽ തുടരുകയാണ്. രാത്രി മുഴുവൻ തിരച്ചിൽ പ്രവർത്തനങ്ങൾ തുടരും.സ്ഫോടനങ്ങൾക്ക് കാരണമാകുന്ന ദ്രാവക രൂപത്തിലുള്ളതും ഖര രൂപത്തിലുള്ളതുമായ വസ്തുക്കൾ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. സിംഗപ്പൂർ പതാകയുള്ള ചരക്ക് കപ്പൽ കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോകുമ്പോൾ രാവിലെ 9.30 ഓടെയാണ് സ്ഫോടനം നടന്നത്. കപ്പലിന്റെ താഴത്തെ ഡെക്കിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചയ്ക്ക് 12.40 ഓടെ തീ കൂടുതൽ കണ്ടെയ്നറുകളിലേക്ക് പടർന്നു.