കാബൂൾ : അഫ്ഗാനിസ്ഥാനിൽ മിഡ്വൈഫറി, നഴ്സിങ് എന്നീ മേഖലകളിലെ ക്ലാസുകളിൽ പെൺകുട്ടികൾക്ക് വിലക്ക്.ഇനിമുതൽ സ്ത്രീകൾ ക്ലാസുകളിലേക്ക് വരേണ്ടതില്ലെന്ന് ഈ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ നിർദ്ദേശം നൽകികഴിഞ്ഞു. സ്ത്രീകളെ ചികിത്സിക്കാൻ പുരുഷ ഡോക്ടർമാർക്ക് അനുവാദമില്ല എന്ന കാരണത്താലാണ് ഈ മേഖലയിൽ മാത്രം സ്ത്രീകൾക്ക് ഇളവ് ലഭിച്ചിരുന്നത്.
ആരോഗ്യ ഉദ്യോഗസ്ഥരും , വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും തമ്മിൽ ചേർന്ന യോഗത്തിൽ താലിബാന്റെ പരമോന്നത നേതാവാണ് ഈ നിർദേശം പുറപ്പെടുവിച്ചതെന്നാണ് സൂചന.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പ് നൽകിയെങ്കിലും താലിബാൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല .
17,000ത്തിലധികം യുവതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഡിക്കൽ പരിശീലനം നടത്തിവന്നിരുന്നത്. അതേസമയം ‘ ഔദ്യോഗിക കത്ത് ഒന്നുമില്ല , സ്ത്രീകൾക്കും , പെൺകുട്ടികൾക്കും ഇനി ഈ സ്ഥാപനങ്ങളിൽ പഠിക്കാൻ കഴിയില്ലെന്ന് യോഗത്തിൽ ഡയറക്ടർമാരെ അറിയിച്ചു. കാരണങ്ങളൊന്നും നൽകിയിട്ടില്ല ‘ എന്നാണ് ഇതിനെ പറ്റി താലിബാൻ ഉദ്യോഗസ്ഥർ പറയുന്നത്. താലിബാൻ അധികാരത്തിലേറിയ സമയം മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.