വാഷിംഗ്ടൺ : കാരക്കാസിലെ കനത്ത സുരക്ഷയുള്ള ഫോർട്ട് ടിയുന സൈനിക സമുച്ചയത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന വീട്ടിൽ ഉറങ്ങുക്കിടന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും കണ്ണടച്ച് തുറക്കും മുൻപ് ബന്ദികളാക്കിയ യുഎസിന്റെ ഡെൽറ്റാ ഫോഴ്സ് . ഉയർന്ന അപകടസാധ്യതയുള്ള സൈനിക ദൗത്യമാണ് കഴിഞ്ഞ ദിവസം വെനിസ്വേലയിൽ നടന്നത് . കയറുകൾ ഉപയോഗിച്ച് സൈനികരെ ഹെലികോപ്റ്ററുകളിൽ നിന്ന് താഴെയിറക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിലെ ഏറ്റവും ഉന്നതവും രഹസ്യവുമായ പ്രത്യേക ദൗത്യ യൂണിറ്റായാണ് ഡെൽറ്റ ഫോഴ്സ്. ഇതിന്റെ ഔദ്യോഗിക പദവി ഫസ്റ്റ് സ്പെഷ്യൽ ഫോഴ്സ് ഓപ്പറേഷണൽ ഡിറ്റാച്ച്മെന്റ്–ഡെൽറ്റ (ഫസ്റ്റ് SFOD-D) എന്നാണ്. ഇതിനെ സാധാരണയായി ഡെൽറ്റ ഫോഴ്സ്, ദി യൂണിറ്റ് അല്ലെങ്കിൽ കോംബാറ്റ് ആപ്ലിക്കേഷൻസ് ഗ്രൂപ്പ് (CAG) എന്നും വിളിക്കുന്നു. ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന് (JSOC) കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഈ യൂണിറ്റ് വളരെ സെൻസിറ്റീവ് ദൗത്യങ്ങൾക്കായി മാത്രം വിന്യസിച്ചിരിക്കുന്നു.
1977-ൽ കേണൽ ചാൾസ് ചാർളി ബെക്ക്വിത്താണ് ഡെൽറ്റ ഫോഴ്സ് സ്ഥാപിച്ചത്. ബ്രിട്ടീഷ് സ്പെഷ്യൽ എയർ സർവീസിൽ (എസ്എഎസ്) സേവനമനുഷ്ഠിച്ചത് ബെക്ക്വിത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സിനായി സമാനമായ ഒരു ടയർ-1 യൂണിറ്റ് സൃഷ്ടിക്കാൻ പ്രചോദനമായി.ഡെൽറ്റ ഫോഴ്സിനെ യുഎസ് സൈന്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് റിക്രൂട്ട് ചെയ്യുന്നത്. മിക്ക സൈനികരും ആർമി റേഞ്ചേഴ്സിൽ നിന്നും ഗ്രീൻ ബെററ്റ്സിൽ നിന്നുമാണ് വരുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ കർശനമായതിനാൽ 90 ശതമാനത്തിലധികം സൈനികരും ഒഴിവാക്കപ്പെടുന്നു.
ശാരീരിക ശക്തി മാത്രമല്ല, മാനസിക സംയമനം, സമ്മർദ്ദത്തിൽ തീരുമാനമെടുക്കാനുള്ള കഴിവ്, ഒറ്റയ്ക്ക് പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം എന്നിവയും പരിശോധിക്കുന്നു. തിരഞ്ഞെടുത്ത സൈനികരുടെ ഐഡന്റിറ്റികൾ ഔദ്യോഗിക രേഖകളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കും.
ഡെൽറ്റ ഫോഴ്സിന്റെ പ്രവർത്തന രീതികൾ മറ്റ് യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമാണ്. അവരുടെ സൈനികർ പലപ്പോഴും യൂണിഫോം ധരിക്കാറില്ല, ചെറിയ ഗ്രൂപ്പുകളായിട്ടാണ് പ്രവർത്തിക്കുന്നത്. ദൗത്യങ്ങൾക്കിടയിൽ തന്ത്രങ്ങൾ മാറ്റാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. സർജിക്കൽ സ്ട്രൈക്കുകൾ, ബന്ദികളെ മോചിപ്പിക്കൽ, രഹസ്യ ഇന്റലിജൻസ് ദൗത്യങ്ങൾ എന്നിവയിൽ യൂണിറ്റ് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
നിരവധി ഉന്നത പ്രവർത്തനങ്ങളിൽ ഡെൽറ്റ ഫോഴ്സ് പങ്കെടുത്തിട്ടുണ്ട്. ഇറാഖിലെ സദ്ദാം ഹുസൈനെ വേട്ടയാടൽ, ഐസിസ് നേതാവ് അബൂബക്കർ അൽ-ബാഗ്ദാദിക്കെതിരായ ഓപ്പറേഷൻ, സൊമാലിയയിലും ഗ്രെനഡയിലും യുഎസ് സൈനിക പ്രവർത്തനങ്ങൾ – ഇവയിലെല്ലാം ഈ യൂണിറ്റ് ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. രഹസ്യ സ്വഭാവം കാരണം, മിക്ക ദൗത്യങ്ങളുടെയും ഔദ്യോഗിക വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തിയിട്ടില്ല.
വേഗതയേറിയതും കൃത്യവും വളരെ രഹസ്യവുമായ തന്ത്രങ്ങൾ കാരണം ഡെൽറ്റ ഫോഴ്സിനെ അപകടകാരിയായി കണക്കാക്കുന്നു. പാരച്യൂട്ട് ജമ്പിംഗ്, ഡൈവിംഗ്, സ്നിപ്പിംഗ്, സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യൽ, നൂതന വൈദ്യശാസ്ത്രം എന്നിവയിൽ പോലും ഇതിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ലോകത്തിലെവിടെയും, ഏത് സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള ഇതിന്റെ കഴിവ് ഈ സൈന്യത്തെ അമേരിക്കയിലെ ഏറ്റവും വിശ്വസനീയമായ ടയർ-1 യൂണിറ്റാക്കി മാറ്റുന്നു.

