വാഷിംഗ്ടൺ : റഷ്യൻ പ്രദേശങ്ങൾക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി.
‘ ഉചിതമായ പ്രദേശങ്ങളിൽ രണ്ട് ആണവ അന്തർവാഹിനികൾ സ്ഥാപിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട് ‘ എന്ന് ട്രംപ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് . ‘ താൻ ഇപ്പോഴും പ്രസിഡന്റാണെന്ന് കരുതുന്ന പരാജയപ്പെട്ട റഷ്യയുടെ മുൻ പ്രസിഡന്റ് മെദ്വദേവിനോട് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാൻ പറയുക. അദ്ദേഹം വളരെ അപകടകരമായ പ്രദേശത്തേക്ക് പ്രവേശിക്കുകയാണ് ‘ എന്നും ട്രമ്പ് കുറിച്ചിരുന്നു.
അതേസമയം റഷ്യയ്ക്ക് ഇതിനകം സമുദ്രങ്ങളിൽ മികച്ച തന്ത്രപരമായ നിയന്ത്രണം ഉണ്ടെന്ന് അവകാശപ്പെട്ട് റഷ്യൻ നിയമനിർമ്മാതാവ് വിക്ടർ വോഡോലാറ്റ്സ്കി രംഗത്തെത്തി . “ലോക സമുദ്രങ്ങളിലെ റഷ്യൻ ആണവ അന്തർവാഹിനികളുടെ എണ്ണം അമേരിക്കൻ അന്തർവാഹിനികളേക്കാൾ വളരെ കൂടുതലാണ്, ട്രംപ് ഉത്തരവിട്ട അന്തർവാഹിനികൾ തന്നെ വളരെക്കാലമായി ഞങ്ങളുടെ നിയന്ത്രണത്തിലാണ്,” വിക്ടർ വോഡോലാറ്റ്സ്കി വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു. റഷ്യയിൽ നിന്ന് കൂടുതൽ പ്രതികരണം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ , ആയുധങ്ങൾ എന്നിവ വാങ്ങുമെന്ന് ഉറപ്പിച്ചതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയത് . ഇതാണ് ട്രംപും മെദ്വദേവും തമ്മിലുള്ള സംഘർഷത്തിന് കാരണമായത്.

