ടെൽ അവീവ് ; ലെബനനുമായി നേരിട്ട് ചർച്ചകൾ ആരംഭിക്കാൻ തന്റെ മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു .ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ബന്ധം സ്ഥാപിക്കുന്നതിനുമുള്ള നീക്കങ്ങളാണ് ഇസ്രായേൽ നടത്തുന്നത് .
ബെയ്റൂട്ടിലും ബെക്കാ താഴ്വരയിലും തെക്കൻ ലെബനനിലുടനീളവും ഇസ്രായേൽ മാരകമായ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ആക്രമണങ്ങളിൽ 200 ലധികം പേർ കൊല്ലപ്പെട്ടു.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം ബെയ്റൂട്ടിലെ വാണിജ്യ, റെസിഡൻഷ്യൽ മേഖലകളിൽ ഇസ്രായേൽ ആക്രമണം നടത്തിയത്.
ലെബനനുമായുള്ള ചർച്ചകളിൽ അമേരിക്കയിലെ ഇസ്രായേൽ അംബാസഡർ യെച്ചീൽ ലീറ്റർ ഇസ്രായേലിനെ പ്രതിനിധീകരിക്കുമെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു . ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതിലും ഇസ്രായേലിനും ലെബനനും ഇടയിൽ സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
“ഇസ്രയേലുമായി നേരിട്ട് ചർച്ച നടത്തണമെന്ന ലെബനന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകളെത്തുടർന്ന്, എത്രയും വേഗം ലെബനനുമായി നേരിട്ട് ചർച്ചകൾ ആരംഭിക്കാൻ ഞാൻ ഇന്നലെ മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകി,” എന്നാണ് നെതന്യാഹു പറയുന്നത് .
ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രായേൽ സൈനിക ആക്രമണം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു . അതിനു പിന്നാലെയാണ് ചർച്ചകൾ വേണമെന്ന ആവശ്യമുയർന്നത്.

