ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. എഡ്ഡി ചുഴലിക്കാറ്റാണ് രാജ്യത്ത് ശക്തമായ കാറ്റിനും മഴയ്ക്കും കാരണം ആയത്.
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ യെല്ലോ റെയിൻ വാണിംഗ് നിലവിൽവരും. നാളെ രാത്രി 9 മണിവരെയാണ് വാണിംഗ് ഉണ്ടായിരിക്കുക. അതിശക്തമായ മഴയെ തുടർന്ന് പ്രാദേശിക വെള്ളപ്പൊക്കം ഉൾപ്പെടെ അനുഭവപ്പെടാം. യാത്രയ്ക്ക് ഉൾപ്പെടെ തടസ്സം നേരിടുന്ന സാഹചര്യവും ഉണ്ടാകാം.
ഡൊണഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പ്. ഉച്ച മുതൽ ആരംഭിക്കുന്ന മുന്നറിയിപ്പ് നാളെ രാത്രിവരെ തുടരും. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുണ്ട്. വാഹന യാത്രികർക്ക് യാത്രകൾക്ക് തടസ്സം നേരിടാം.

