തൃശൂർ : ചൂണ്ടുവിരലിന് മുറിവേറ്റതിനെ തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ വോട്ടവകാശം നിഷേധിച്ചതായി പരാതി . തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിലെ ബോധാനന്ദ സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. കൂർക്കഞ്ചേരി സ്വദേശിയായ അക്ഷരയ്ക്കാണ് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ചത്.
മിക്സറിൽ കുടുങ്ങിയതിനെ തുടർന്ന് അക്ഷരയുടെ ഇടതു ചൂണ്ടുവിരലിന് ഇക്കഴിഞ്ഞ ആറിന് പരിക്കേറ്റിരുന്നു. മുറിവിൽ ഏകദേശം 15 തുന്നലുകൾ ഉണ്ടായിരുന്നു. വിരലിന്റെ ഡ്രസിംഗ് നീക്കം ചെയ്ത് മുറിവിന്റെ പാടുകൾ കാണിച്ചില്ലെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ തന്നോട് പറഞ്ഞതായി അക്ഷര പറയുന്നു.
വലതു വിരലിൽ മഷി പുരട്ടി വോട്ട് ചെയ്യാമെന്ന് ബൂത്തിലെ മറ്റ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചെങ്കിലും പ്രിസൈഡിംഗ് ഓഫീസർ അത് അനുവദിച്ചില്ലെന്നും അക്ഷര പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കിയതിനുശേഷവും പ്രിസൈഡിംഗ് ഓഫീസർ കർശന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

