വാഷിംഗ്ടൺ : യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനോ നിർത്തുന്നതിനോ ഉള്ള ഒരു കരാറുമില്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള അലാസ്ക ഉച്ചകോടി അവസാനിച്ചു. അലാസ്കയിലെ ആങ്കറേജിൽ ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചയാണ് ഇരുവരും നടത്തിയത്. ഉച്ചകോടിക്ക് ശേഷം താനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഏറെ മെച്ചപ്പെട്ട തരത്തിൽ ചർച്ച നടത്തിയെങ്കിലും അന്തിമ കരാറിൽ എത്തിയില്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
“ഞങ്ങൾ സമ്മതിച്ച നിരവധി, നിരവധി കാര്യങ്ങളുണ്ട് . ഞങ്ങൾ ചില പുരോഗതി കൈവരിച്ചു. അതിനാൽ മെച്ചപ്പെട്ട കരാർ ഉണ്ടാകുന്നതുവരെ ഒരു കരാറും ഉണ്ടാകില്ല. ഇനി വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ. ചിലത് അത്ര പ്രാധാന്യമുള്ളതല്ല. ചിലത് ഏറ്റവും പ്രധാനപ്പെട്ടതാണ്, പക്ഷേ നമ്മൾ അവിടെ എത്താൻ വളരെ നല്ല സാധ്യതയുണ്ട്. “ ട്രംപ് പറഞ്ഞു.
അതേസമയം, താനും ട്രംപും ഒരു “ധാരണ”യിലെത്തിയെന്നും “പുതുതായി വരുന്ന പുരോഗതിയെ തകർക്കരുതെന്ന്” യൂറോപ്പിന് മുന്നറിയിപ്പ് നൽകിയെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു.യോഗത്തെ “പരിഹാരത്തിനുള്ള ആരംഭ പോയിന്റ്” എന്ന് വിശേഷിപ്പിച്ച പുടിൻ സംഘർഷത്തെ ഒരു “ദുരന്തം” എന്ന് വിളിക്കുകയും ചെയ്തു .
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയുമായി താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും എന്നാൽ യൂറോപ്യൻ നേതാക്കളുമായി ഉടൻ തന്നെ ഇത് ചർച്ച ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.ട്രംപും പുടിനും ഉന്നത സഹായികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് എന്നിവർക്കൊപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഊഷ്മളമായ സ്വീകരണത്തോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. പുടിനായി ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്സണിൽ ചുവന്ന പരവതാനി വിരിച്ചു. ട്രംപ് അദ്ദേഹത്തെ ഹസ്തദാനം ചെയ്തും പുഞ്ചിരിച്ചും സ്വീകരിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയേയും യൂറോപ്യൻ നേതാക്കളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. യുക്രെയ്നിനെ പിന്തുണച്ച് അമേരിക്കയുടെ ഉറച്ച നിലപാട് പ്രതീക്ഷിക്കുന്നതായി സെലെൻസ്കി പിന്നീട് പറഞ്ഞു.ചർച്ചകൾക്കിടെയും റഷ്യൻ സൈന്യം ആക്രമണം തുടർന്നുവെന്നും സെലെൻസ്കി ആരോപിച്ചു

