സിഡ്നി : ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ സിഡ്നി ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെ ഇപ്പോഴിതാ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാൻ ബന്ധം പുറത്തുവന്നിരിക്കുകയാണ് . ബോണ്ടി ബീച്ച് വെടിവയ്പിൽ കുറ്റവാളികളിൽ ഒരാൾ സിഡ്നിയിലെ ബോണിറിഗിൽ താമസിക്കുന്ന നവീദ് അക്രമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിഡ്നിയിലെ മുതിർന്ന നിയമ നിർവ്വഹണ ഉദ്യോഗസ്ഥൻ പറഞ്ഞു. നവീദ് പാകിസ്ഥാനിലെ ലോഹർ സ്വദേശിയാണ്.
ഷൂട്ടർ നവീദ് അക്രത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . അതിലൊന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ജേഴ്സി ധരിച്ച ചിത്രം പതിച്ച ലൈസൻസിന്റെ ഫോട്ടോയാണ് . ഇസ്ലാമാബാദിലെ സർവകലാശാലയിൽ പഠിച്ച നവീദ് അതിനു ശേഷം ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള അൽ-മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു.സംശയിക്കപ്പെടുന്നവരിൽ ഒരാളെക്കുറിച്ച് പോലീസിന് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ഉള്ളൂവെന്ന് ന്യൂ സൗത്ത് വെയിൽസ് (NSW) പോലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു.
പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെ, സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുകൂടിയ ആയിരക്കണക്കിന് ആളുകൾക്ക് നേരെയാണ് രണ്ട് പേർ വെടിയുതിർത്തത്.ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം തന്റെ മകൻ നിരപരാധിയാണെന്നാണ് നവീദിന്റെ അമ്മ വെറീന പറയുന്നത് . “അവന്റെ കൈവശം തോക്കില്ല. അവൻ പുറത്തു പോകാറില്ല. അവൻ സുഹൃത്തുക്കളുമായി ഇടപഴകാറില്ല. അവൻ മദ്യപിക്കാറില്ല, പുകവലിക്കാറില്ല, മോശം സ്ഥലങ്ങളിൽ പോകാറില്ല… അവൻ ജോലിക്ക് പോകുന്നു, വീട്ടിലേക്ക് വരുന്നു, വ്യായാമം ചെയ്യാൻ പോകുന്നു, അത്രമാത്രം, എന്റെ മകനെപ്പോലെ ഒരു മകനെ ആരെങ്കിലും ആഗ്രഹിക്കും… അവൻ ഒരു നല്ല ആൺകുട്ടിയാണ്.” എന്നാണ് വെറീന പറയുന്നത് .

