ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നൂർ ഖാൻ വ്യോമതാവളവും മറ്റ് നിരവധി സ്ഥലങ്ങളും ലക്ഷ്യമിട്ടതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാകിസ്ഥാൻ സ്മാരകത്തിൽ നടന്ന പ്രത്യേക ‘യൂം-ഇ-തഷാക്കൂർ’ (നന്ദി ദിനം) പരിപാടിയിൽ സംസാരിക്കവേയാണ് ഷെരീഫ് ഇക്കാര്യം സമ്മതിച്ചത് . ഇന്ത്യയിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെക്കുറിച്ച് ജനറൽ അസിം മുനീർ പുലർച്ചെ 2.30 ന് തനിക്ക് അറിയിച്ചതായും ഷെരീഫ് വെളിപ്പെടുത്തി .
പാക് വ്യോമസേന പ്രാദേശിക സാങ്കേതിക വിദ്യയും, ചൈനീസ് ജെറ്റുകളും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നുവെന്നും , എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്നും ഷെരീഫ് വ്യക്തമാക്കി.
പാകിസ്ഥാൻ സൈന്യത്തിന്റെ നടപടികളെ പാകിസ്ഥാന്റെ ചരിത്രത്തിലെ “സുവർണ്ണ അധ്യായം” എന്ന് ഷെരീഫ് വിശേഷിപ്പിക്കുകയും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം എന്ന് ആവർത്തിക്കുകയും ചെയ്തു. ഇന്ത്യയുമായി നയതന്ത്ര ബന്ധം പുതുക്കണമെന്ന് അഭ്യർത്ഥിക്കാനും ഷെരീഫ് ഈ അവസരം ഉപയോഗിച്ചു. “ഇന്ത്യയും പാകിസ്ഥാനും മൂന്ന് യുദ്ധങ്ങൾ നടത്തി, ഒന്നും നേടിയില്ല. സമാധാനപരമായ അയൽക്കാരായി ഇരുന്ന് ജമ്മു കശ്മീർ ഉൾപ്പെടെ എല്ലാ നിലനിൽക്കുന്ന പ്രശ്നങ്ങളും പരിഹരിക്കുക എന്നതാണ് പാഠം.സമാധാനം വന്നാൽ, ഭീകരവാദത്തിനെതിരെ സഹകരിക്കാനും നമുക്ക് കഴിയും,” ഷെരീഫ് കൂട്ടിച്ചേർത്തു”

