കൊച്ചി : ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു . ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങൾ കണക്കിലെടുത്തായിരുന്നു ഈ നിർദേശം. എന്നാൽ ബിസിസിഐയുടെ ഈ തീരുമാനത്തിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി ശശി തരൂർ .
രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഒരു ക്രിക്കറ്റ് കളിക്കാരനെയും ശിക്ഷിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എക്സിൽ തരൂർ ഈ വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റും പങ്ക് വച്ചു. പോസ്റ്റിൽ, ബിസിസിഐയുടെ തീരുമാനത്തോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുകയും കളിക്കാരൻ മറ്റൊരു മതത്തിൽപ്പെട്ടയാളാണെങ്കിൽ ബിസിസിഐ സമാനമായ തീരുമാനം എടുക്കുമായിരുന്നോ എന്ന് ചോദ്യം ഉന്നയിക്കുകയും ചെയ്തു.
‘ ഈ വിഷയത്തിൽ എന്റെ മുൻകാല അഭിപ്രായങ്ങൾ ഞാൻ ആവർത്തിക്കുന്നു. ബിസിസിഐ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ സാഹചര്യത്തിൽ, ആ ബംഗ്ലാദേശ് താരം ലിറ്റൺ ദാസോ സൗമ്യ സർക്കാരോ ആയിരുന്നെങ്കിലോ? നമ്മൾ ഇവിടെ ആരെയാണ് ശിക്ഷിക്കുന്നത്? ഒരു രാജ്യം, ഒരു വ്യക്തി, അല്ലെങ്കിൽ അവരുടെ മതം? കായികരംഗത്തെ ഈ അസംബന്ധ രാഷ്ട്രീയവൽക്കരണം നമ്മെ എവിടേക്ക് നയിക്കും?‘ എന്നാണ് ശശി തരൂരിന്റെ കുറിപ്പ്.
9.2 കോടി രൂപയ്ക്ക് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വൻ വിമർശങ്ങൾ ഉയർന്നിരുന്നു. മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കി പകരക്കാരനെ നിയമിക്കാൻ അനുവദിക്കുമെന്ന് ബോർഡ് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് കെകെആർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കി.

