ന്യൂഡൽഹി: ശക്തവും നീതിയുക്തവുമായ ഒരു മാറ്റം പ്രാബല്യത്തിൽ വരുന്നതുവരെ വെനിസ്വേലയെ യുഎസ് നയിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതിന് മണിക്കൂറുകൾക്ക് ശേഷം ട്രംപിന്റെ ഫ്ലോറിഡ മാൻഷനിൽ നിന്നുള്ള പത്രസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം .
“സുരക്ഷിതവും ഉചിതവും നീതിയുക്തവുമായ ഒരു മാറ്റം സാധ്യമാകുന്നതുവരെ ഞങ്ങൾ രാജ്യം ഭരിക്കും . മറ്റൊരാൾ അധികാരത്തിൽ വരാനും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലനിൽക്കുന്ന അതേ സാഹചര്യം നേരിടാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞങ്ങൾ തന്നെ രാജ്യം ഭരിക്കും “ എന്നാണ് ട്രംപ് പറയുന്നത് . മറ്റ് രാജ്യങ്ങൾക്ക് വലിയ അളവിൽ എണ്ണ വിൽക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു
കടൽ വഴി വരുന്ന മയക്കുമരുന്നുകളുടെ 97 ശതമാനവും യുഎസ് നശിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഓരോ മയക്കുമരുന്ന് ബോട്ടും ശരാശരി 25,000 പേരെ കൊല്ലുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മഡുറോയുടെ അറസ്റ്റ് ഇരുട്ടിലാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. “ലോകത്തിലെ ഒരു രാജ്യത്തിനും അമേരിക്ക നേടിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയില്ല. കാരക്കാസിലെ വിളക്കുകൾ ഏതാണ്ട് പൂർണ്ണമായും അണഞ്ഞിരുന്നു. എല്ലായിടത്തും ഇരുട്ട് നിറഞ്ഞിരുന്നു, സ്ഥിതി വളരെ അപകടകരമായിരുന്നു” ട്രംപ് പറഞ്ഞു.
ഭരണമാറ്റവും ദക്ഷിണ അമേരിക്കൻ രാജ്യത്തിന്റെ എണ്ണ വിഭവങ്ങളുമാണ് പ്രധാന ലക്ഷ്യങ്ങളെന്നും യുഎസ് പ്രസിഡന്റ് വ്യക്തമായി പറഞ്ഞു. ” യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഞങ്ങളുടെ വളരെ വലിയ എണ്ണക്കമ്പനികൾ, ഇവിടെ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുകയും, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
അതേസമയം വെനിസ്വേലയിലെ യുഎസ് നടപടികളിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റ് അപകടകരമായ കീഴ്വഴക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സൈനിക നടപടി മേഖലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സെക്രട്ടറി ജനറൽ ആശങ്കാകുലനാണെന്ന് ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.

