സിയോൾ: ആഗോള ഉപരോധങ്ങളിൽ തളരാതെയും യുഎസ് ഭീഷണികളിൽ പതറാതെയും കിം ജോങ് ഉന്നിന്റെ സൈന്യം വീണ്ടും ക്രൂയിസ് മിസൈൽ പരീക്ഷണങ്ങൾ നടത്തി. രാജ്യത്തിന്റെ ആണവ പ്രതിരോധ ശേഷി പരീക്ഷിക്കുന്നതിനായി ദീർഘദൂര ക്രൂയിസ് മിസൈലുകൾ കടലിലേക്ക് വിക്ഷേപിച്ചതായി ഉത്തരകൊറിയ പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വളരെ മുമ്പുതന്നെ തന്റെ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ആരുമായി യുദ്ധം ചെയ്യുമെന്ന് ഇതുവരെ പ്രഖ്യാപനവും വന്നിട്ടില്ലെങ്കിലും, കിം ജോങ് ഉന്നിന്റെ സന്ദേശം വ്യക്തമാണെന്നാണ് സൂചന. തന്റെ പ്രാഥമിക ശത്രു ദക്ഷിണ കൊറിയയാണെങ്കിലും, അമേരിക്ക ദക്ഷിണ കൊറിയയുടെ സംരക്ഷകനായി പ്രവർത്തിക്കുന്നതിനാൽ അമേരിക്കയ്ക്കെതിരായ യുദ്ധത്തിനാണ് കിം ജോങ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
അതുകൊണ്ട് തന്നെ ഉത്തരകൊറിയ തങ്ങളുടെ സൈനിക ശേഷി തുടർച്ചയായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് മിസൈൽ പരീക്ഷണം.
യുദ്ധഭീഷണികൾക്കിടയിലും ഉത്തരകൊറിയ തങ്ങളുടെ ആണവ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് നടത്തിയ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണത്തിൽ കിം ജോങ് “വലിയ സംതൃപ്തി” പ്രകടിപ്പിച്ചതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം ഉത്തരകൊറിയയുടെ ഈ പരീക്ഷണത്തെക്കുറിച്ച്, ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫും പ്രതികരിച്ചിട്ടുണ്ട്. യുഎസുമായുള്ള സഖ്യത്തിലൂടെ ഉത്തരകൊറിയൻ പ്രകോപനം തടയാൻ ദക്ഷിണ കൊറിയ തയ്യാറാണെന്നും അവർ പറഞ്ഞു.

