ടെൽ അവീവ് : ഗാസ സമാധാനപദ്ധതിയുടെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഏഴ് ഇസ്രായേലി ബന്ദികളെ ഹമാസ് റെഡ് ക്രോസിന്റെ കസ്റ്റഡിയിൽ വിട്ടു. ഗാലി, സിവ് ബെർമാൻ, മതാൻ ആംഗ്രെസ്റ്റ്, അലോൺ ഓഹെൽ, ഒമ്രി മിറാൻ, ഈറ്റൻ മോർ, ഗൈ ഗിൽബോവ-ഡല്ലാൽ എന്നീ ഏഴ് ഇസ്രായേലി ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്.
നിലവിലെ അവരുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് വിവരമൊന്നുമില്ലെങ്കിലും, കൈമാറ്റം വീക്ഷിച്ചുകൊണ്ടിരുന്ന പതിനായിരക്കണക്കിന് ഇസ്രായേലികളാണ് , റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയ്ക്ക് മുൻപിൽ ഉച്ചത്തിൽ ആർപ്പുവിളിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത്. അതേസമയം, ഇസ്രായേൽ തടവിലാക്കിയ നൂറുകണക്കിന് തടവുകാരുടെ മോചനത്തിനായി കാത്തിരിക്കുകയാണ് പലസ്തീനികൾ . രണ്ട് വർഷത്തെ യുദ്ധത്തിനുശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടന്ന നിർണായക വെടിനിർത്തലിനെ തുടർന്നാണ് ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം.
യുഎസ് നിർദ്ദേശിച്ച കരാറും യുദ്ധാനന്തര പദ്ധതികളും ചർച്ച ചെയ്യാൻ ട്രംപും മറ്റ് നേതാക്കളോടൊപ്പം ഗാസയിൽ എത്തുമെന്നും സൂചനയുണ്ട്. ബന്ദികളുടെ മോചനം ഇസ്രായേലും പലസ്തീൻ ഗ്രൂപ്പും തമ്മിലുള്ള ഏറ്റവും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത് . 2023 ഒക്ടോബറിലെ ആക്രമണത്തിനിടെ ഇവർ ഹമാസിന്റെ പിടിയിലായത്. അവരുടെ മോചനത്തിനായി ആഴ്ചതോറുമുള്ള പ്രകടനങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ അവരുടെ കുടുംബങ്ങളോടൊപ്പം ചേർന്നിരുന്നു.
യുദ്ധം നീണ്ടുനിന്നപ്പോൾ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാഷ്ട്രീയ ആവശ്യങ്ങൾക്കായി ബന്ദികളെ യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും ആരോപണമുയർന്നു. ജീവിച്ചിരിക്കുന്ന ബന്ദികളെ എല്ലാം ഇന്റർനാഷണൽ റെഡ് ക്രോസിന് കൈമാറാൻ ഹമാസ് സമ്മതിച്ചിട്ടുണ്ട് . തുടർന്ന് ഇസ്രായേൽ സൈന്യത്തിന് കൈമാറും. മരണപ്പെട്ട 28 ബന്ദികളുടെ മൃതദേഹങ്ങൾ ഒരേ സമയം തിരികെ നൽകാനുള്ള സാധ്യത കുറവാണ്. 72 മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്താൻ ഒരു അന്താരാഷ്ട്ര ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുമെന്ന് ഇസ്രായേലിന്റെ കോർഡിനേറ്റർ ഗാൽ ഹിർഷ് പറഞ്ഞു.
അതേസമയം പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള സമയം പ്രഖ്യാപിച്ചിട്ടില്ല. യുദ്ധസമയത്ത് ഗാസയിൽ നിന്ന് പിടികൂടി കുറ്റം ചുമത്താതെ തടവിലാക്കിയ 1,700 പേർക്ക് പുറമേ ഇസ്രായേലികൾക്കെതിരായ ആക്രമണങ്ങളിൽ ശിക്ഷിക്കപ്പെട്ടതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 പേർ കൂടി ഇതിൽ ഉൾപ്പെടുന്നു . അവരെ വെസ്റ്റ് ബാങ്കിലേക്കോ ഗാസയിലേക്കോ തിരിച്ചയക്കുകയോ നാടുകടത്തുകയോ ചെയ്യും.

