കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അമ്മ ശോഭന തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞ ദിവസമാണ് ശോഭന ഹർജി നൽകുന്നത് . ഹർജി ഇന്ന് കോടതി പരിഗണിക്കാൻ സാധ്യതയുണ്ട്.
അക്കൗണ്ടിൽ ഒരു ലക്ഷം രൂപയുണ്ട്. നടൻ ദിലീപ് ക്വട്ടേഷൻ തുകയായി നൽകിയതായി പറയപ്പെടുന്ന പണത്തിന്റെ ഭാഗമാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശിയായ എൻഎസ് സുനി എന്ന പൾസർ സുനിയാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17 നാണ് അങ്കമാലിക്കും കളമശ്ശേരിക്കും ഇടയിൽ ഓടുന്ന കാറിനുള്ളിൽ നടി ആക്രമിക്കപ്പെട്ടത്.
ക്വട്ടേഷൻ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം നടന്ന രാജ്യത്തെ ആദ്യ കേസാണിത്. കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പൾസർ സുനി മുമ്പ് സിനിമാ സെറ്റുകളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. നടിയെ ആക്രമിക്കാനും ദൃശ്യങ്ങൾ പകർത്താനും ദിലീപ് 1.5 കോടി രൂപ വാഗ്ദാനം ചെയ്തതായിട്ടായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്.
2017 ജനുവരിയിൽ ഗോവയിൽ ‘ഹണി ബീ 2’ എന്ന സിനിമയുടെ സെറ്റിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമം നടന്നിരുന്നു, എന്നാൽ നടി നേരത്തെ തിരിച്ചെത്തിയതിനാൽ അത് പരാജയപ്പെട്ടു. ഫെബ്രുവരി രണ്ടാം വാരത്തിൽ, നടി ഒരു പ്രമോഷണൽ ഗാന ചിത്രീകരണത്തിനായി കൊച്ചിയിലുണ്ടാകുമെന്ന് അറിഞ്ഞതിനെത്തുടർന്ന്, പ്രതികൾ ഗൂഢാലോചന പുനരാരംഭിച്ചു. ആക്രമണത്തിന് ശേഷം, സുനിയെ അറസ്റ്റ് ചെയ്തു. എന്നാൽ , വാഗ്ദാനം ചെയ്ത പണം സുനിയ്ക്ക് ലഭിച്ചില്ലെന്നും അന്വേഷണ സംഘം പറയുന്നു.

