ടെഹ്റാൻ ; ഇറാനിൽ ഓപ്പറേഷൻ തുടരാൻ നിർദ്ദേശങ്ങൾ നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . പ്രതിരോധ മന്ത്രിയുമായും, ചീഫ് ഓഫ് ജനറൽ സ്റ്റാഫുമായും, മൊസാദിന്റെ തലവനുമായും നടത്തിയ കൂടിക്കാഴ്ച അവസാനിപ്പിച്ചതായും നെതന്യാഹു പറഞ്ഞു.
“ഓപ്പറേഷൻ തുടരാൻ ഞാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ, സ്വേച്ഛാധിപതി ഖമേനിയെ ഞങ്ങൾ ഇല്ലാതാക്കി. അദ്ദേഹത്തോടൊപ്പം, ഭരണകൂടത്തിലെ ഏറ്റവും പ്രമുഖരായ ഡസൻ കണക്കിന് പീഡകരെയും ഞങ്ങൾ ഇല്ലാതാക്കി. നമ്മുടെ സൈന്യം ഇപ്പോൾ ടെഹ്റാന്റെ ഹൃദയഭാഗത്ത് കൂടുതൽ തീവ്രതയോടെ ആക്രമണം നടത്തുകയാണ്, വരും ദിവസങ്ങളിൽ ഇത് കൂടുതൽ വർദ്ധിക്കും. “ നെതന്യാഹു പറഞ്ഞു.
വരും ദിവസങ്ങളിൽ, തീവ്രവാദ ഭരണകൂടത്തിന്റെ ആയിരക്കണക്കിന് ലക്ഷ്യങ്ങൾ ഇസ്രായേൽ ആക്രമിക്കുമെന്ന് നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു ധീരരായ ഇറാനിയൻ ജനതയ്ക്ക് സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകളിൽ നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സംയുക്ത സൈനിക നടപടിയിൽ 48 മുൻനിര ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടുവെന്നാണിപ്പോൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത് . സൈനിക നടപടി പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണ്. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ഇത്തവണ ഇറാനെതിരെ ആക്രമണം നടത്തുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഈ ആക്രമണത്തിൽ ഇറാന്റെ സൈനിക മേധാവി മൗസവിയെയും യുഎസ് കൊലപ്പെടുത്തി.

