ന്യൂഡൽഹി: അസമിൽ സുഖോയ് യുദ്ധവിമാനം തകർന്ന് വീണ് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു . സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരാക്കർ എന്നിവരാണ് മരിച്ചത് . ഇന്ത്യൻ വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിനെത്തിയ സംഘമാണ് മരണം സ്ഥിരീകരിച്ചത്.
സാധാരണ പരിശീലന പറക്കൽ നടത്തുന്നതിനിടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിലെ കുന്നിൻ പ്രദേശത്ത് വൈകുന്നേരം 7 മണിയോടെയാണ് അപകടം. വെള്ളിയാഴ്ച വൈകുന്നേരം ജോർഹട്ടിൽ നിന്ന് പറന്നുയർന്ന ശേഷം വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതിനെത്തുടർന്ന്, ഇന്ത്യൻ വ്യോമസേന നടത്തിയ പരിശോധനയിൽ വിമാനം തകർന്നതായി സ്ഥിരീകരിച്ചു.
റഷ്യൻ വിമാന നിർമ്മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുള്ള, ദീർഘദൂര യുദ്ധവിമാനമാണ് സുഖോയ് സു-30 എംകെ1. ഇന്ത്യൻ വ്യോമസേനയ്ക്കായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ലൈസൻസിന് കീഴിലാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്. 260-ലധികം സുഖോയ് എംകെഐ ജെറ്റുകൾ ഐഎഎഫിൽ പ്രവർത്തിക്കുന്നുണ്ട്. 1997 ലാണ് സുഖോയ് ആദ്യമായി വ്യോമസേനയിൽ ഉൾപ്പെടുത്തിയത്.

