കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിനെ പ്രതി ചേർത്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കാട്ടി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെ എതിർത്താണ് പ്രോസിക്യൂഷന് റിപ്പോർട്ട് നൽകിയത്. രാഷ്ട്രീയ ജീവിതം തകർക്കാൻ കെട്ടിച്ചമച്ച കേസാണെന്ന ആന്റണി രാജുവിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും സർക്കാർ വ്യക്തമാക്കി.
കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാംപ്രതിയില്‍ നിന്ന് ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയത്. തൊണ്ടിമുതല്‍ കൈമാറാന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂര്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
അക്കാലയളവില്‍ എന്തൊക്കെ ചെയ്തുവെന്ന് പ്രതിക്ക് മാത്രം അറിവുള്ള കാര്യമാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന കുറ്റകൃത്യമാണിത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കപ്പെട്ടു
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രമേ ശിക്ഷാവിധി മരവിപ്പിക്കാനാവൂ. ഈ കേസിലെ പ്രതി അത്തരം ഇളവുകള്‍ അര്‍ഹിക്കുന്നില്ലെന്നുമാണ് പോസിക്യൂഷന് ഹൈക്കോടതിയില്‍ നല്കിയ മറുപടി.

