ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം തകർത്ത് യൂനുസ് സർക്കാർ. ധാക്കയിലെ ഖിൽഖേത്തിലുള്ള ദുർഗാ ക്ഷേത്രമാണ് തകർത്തത്. റെയിൽവേ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി.
ഹിന്ദു വിശ്വാസികളുടെ ശക്തമായ പ്രതിഷേധമുണ്ടായെങ്കിലും കനത്ത പോലീസ് സുരക്ഷയിൽ ബുൾഡോസർ ഉപയോഗിച്ച് ക്ഷേത്രം ഇടിച്ചുനിരത്തുകയായിരുന്നു. ബംഗ്ലാദേശിലെ വിവിധ ഹിന്ദു സംഘടനകളുടെ സംയുക്ത കൂട്ടായ്മ വെള്ളിയാഴ്ച ധാക്കയിലെ ഷാബാഗ് പ്രദേശത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവം കൈകാര്യം ചെയ്തതിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും തീവ്രവാദികളുമായി സഹകരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
“ധാക്കയിലെ ഖിൽഖേത്തിലെ ദുർഗാ ക്ഷേത്രം പൊളിച്ചുമാറ്റണമെന്ന് തീവ്രവാദികൾ മുറവിളി കൂട്ടുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുപകരം, ഇടക്കാല സർക്കാർ നിയമവിരുദ്ധമായ ഭൂവിനിയോഗ കേസായി ഈ സംഭവത്തെ ചിത്രീകരിച്ച് ഇന്ന് ക്ഷേത്രം നശിപ്പിക്കാൻ അനുവദിച്ചു.സ്ഥലം സംരക്ഷിക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ക്ഷേത്രം പൊളിച്ചുമാറ്റിയതായും, മാറ്റി സ്ഥാപിക്കുന്നതിന് മുമ്പ് വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചു . ബംഗ്ലാദേശിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ഞങ്ങൾ നിരാശരാണ്,” പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു
ഹിന്ദുക്കളെയും അവരുടെ സ്വത്തുക്കളെയും അവരുടെ മതസ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.

