ടെഹ്റാൻ : ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം . ബോംബാക്രമണം നിർത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചതിന് പിന്നാലെയാണിത്. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു.
ആക്രമണത്തിൽ ഗാസ സിറ്റിയിലെ ഒരു വീട്ടിൽ നാല് പേർ കൊല്ലപ്പെട്ടപ്പോൾ, തെക്കൻ ഖാൻ യൂനിസിൽ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി മെഡിക്കൽ ജീവനക്കാരും പ്രാദേശിക ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഡൊണാൾഡ് ട്രംപ് തന്റെ 20 പോയിന്റ് ഗാസ സമാധാന പദ്ധതി അവതരിപ്പിച്ചത്. നാളെ വൈകുന്നേരത്തിന് മുൻപ് ഇത് അംഗീകരിക്കണമെന്ന് ഹമാസിന് അന്ത്യശാസനവും നൽകിയിരുന്നു. അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു .
ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ഈ പദ്ധതി വഴി പ്രായോഗിക പാത തുറക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത് . ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം ഉടൻ നിർത്തണമെന്നും അങ്ങനെ ബന്ദികളെ സുരക്ഷിതമായും വേഗത്തിലും നമുക്ക് പുറത്തെത്തിക്കാമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതിയിരുന്നു . മാത്രമല്ല ഗാസയിൽ സമാധാനം സ്ഥാപിക്കാൻ കഴിവുള്ള ഒരേയൊരു വ്യക്തിയാണ് താനെന്ന് ട്രംപ് സ്വയം വിശേഷിപ്പിക്കുകയും രണ്ട് വർഷം പഴക്കമുള്ള യുദ്ധം അവസാനിപ്പിക്കാൻ തന്റെ രാഷ്ട്രീയ മൂലധനം നിക്ഷേപിക്കുകയാണെന്നുമൊക്കെ പറഞ്ഞിരുന്നു. ഇതെല്ലാം കാറ്റിപ്പറത്തിയാണ് ഇസ്രായേൽ ആക്രമണം.
ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ നടപ്പിലാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് നേരത്തെ പറഞ്ഞിരുന്നു . മാത്രമല്ല ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഗാസയിലെ ആക്രമണ പ്രവർത്തനങ്ങൾ കുറയ്ക്കാൻ രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വം സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യ ഘട്ടം നടപ്പിലാക്കുന്നതിന് സൈന്യത്തിനോട് സജ്ജരായിരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഇസ്രായേൽ സൈനിക മേധാവി പറഞ്ഞിരുന്നു.
ഹമാസും ട്രംപിന്റെ പദ്ധതിയോട് ഭാഗികമായി യോജിച്ചിരുന്നു . ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചും വെടിനിർത്തലിനെക്കുറിച്ചും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഹമാസ് നേതാക്കൾ പറഞ്ഞിരുന്നു.ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേലി സൈനിക ആക്രമണങ്ങളിൽ 66,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. തുടർച്ചയായ ബോംബാക്രമണം മൂലം, ഗാസയിലെ ജനസംഖ്യയുടെ പകുതിയിലധികം പേരെയും മാറ്റിപ്പാർപ്പിച്ചു. കൂടാതെ പല പ്രദേശങ്ങളും ഭക്ഷണത്തിന്റെയും വൈദ്യസഹായങ്ങളുടെയും കടുത്ത ക്ഷാമം നേരിടുന്നുണ്ട് . എന്നാൽ ഇനി ഇപ്പോൾ ആക്രമണം നടന്ന സ്ഥിതിയ്ക്ക് ഗാസ പ്ലാനുമായി മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ വ്യക്തതതയില്ല.

