ഹോങ്കോങ്ങിലെ തായ് പോ പ്രദേശത്തുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി . 279 പേരെ കാണാതായി . സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് അധികൃതർ പറയുന്നു. കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള മുളകൊണ്ടുള്ള സ്കാഫോൾഡുകളിലൂടെ തീജ്വാലകൾ വേഗത്തിൽ പടർന്നു. ഇത് താമസക്കാർക്ക് രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടുണ്ടാക്കി. തീപിടുത്തത്തിൽ ഏകദേശം 100 പേർക്ക് പരിക്കേറ്റതായും വിവിധ ജില്ലാ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഫയർ സർവീസസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അവരിൽ 45 പേരുടെ അവസ്ഥ ഗുരുതരമാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:51 ഓടെയാണ് തീപിടുത്തമുണ്ടായത് . നിമിഷങ്ങൾക്കുള്ളിൽ, ഫ്ലാറ്റിൽ നിന്ന് നിരവധി ബ്ലോക്കുകളിലേക്ക് തീ പടർന്നതോടെ എസ്റ്റേറ്റിന് മുകളിൽ പുക ഉയർന്നു. എട്ട് റെസിഡൻഷ്യൽ ടവറുകളിൽ ഏഴെണ്ണത്തിനും തീപിടിച്ചു. പല ഫ്ലാറ്റുകൾക്കും തീപിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഹോങ്കോങ്ങിലെ നിർമ്മാണത്തിനും നവീകരണത്തിനും ഈ സ്കാഫോൾഡുകൾ സാധാരണയായി ഉപയോഗിക്കുന്നുണ്ട്.
അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പല വസ്തുക്കളും കെട്ടിടത്തിന് ചുറ്റുമുണ്ടായിരുന്നുവെന്ന് പോലീസും ഫയർ ഉദ്യോഗസ്ഥരും പറഞ്ഞു. കെട്ടിടത്തിലെ നിലകളിൽ സംരക്ഷണ വലകൾ, വാട്ടർപ്രൂഫ് ടാർപോളിൻ, പ്ലാസ്റ്റിക് തുണി എന്നിവ ഉണ്ടായിരുന്നു, ഇവയെല്ലാം തീപിടുത്തത്തിന് കാരണമായി . സ്റ്റൈറോഫോം ഉപയോഗിച്ച് എല്ലാ നിലകളിലെയും ജനാലകൾ അടച്ചിരുന്നതായും, ഇത് തീ ഇടനാഴികളിലൂടെയും ഫ്ലാറ്റുകളിലൂടെയും കൂടുതൽ വേഗത്തിൽ പടരാൻ കാരണമായേന്നും റിപ്പോർട്ടുണ്ട്.
സ്കാഫോൾഡിംഗിന് ഉത്തരവാദിയായ നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട രണ്ട് ഡയറക്ടർമാരെയും ഒരു എഞ്ചിനീയറിംഗ് കൺസൾട്ടന്റിനെയും പോലീസ് അറസ്റ്റ് ചെയ്തു.

