കൊച്ചി : ചിങ്ങവനം സ്വദേശിനി സുധ ബേബിയുടെ കൊലപാതകം ആസൂത്രിതമല്ലെന്ന് പോലീസ് . രൂക്ഷമായ വാക്കുതർക്കത്തിനിടെ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്നാണ് ഹൈക്കോടതി മുൻ ജീവനക്കാരനും കേസിലെ പ്രതിയുമായ ഷാജി പോലീസിനോട് പറഞ്ഞത് . ക്രൂരമായ ആക്രമണത്തിന് ഇരയായ ശേഷമാണ് സുധ മരിച്ചതെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി തെളിവെടുപ്പ് നടത്തി.
പോലീസ് പറയുന്നതനുസരിച്ച്, ഷാജിയും സുധയും വളരെക്കാലമായി പരസ്പരം പരിചയക്കാരായിരുന്നു. വാക്കുതർക്കത്തിനിടെ, ഷാജി യുവതിയുടെ മുഖത്തും കണ്ണുകളിലും ആവർത്തിച്ച് ഇടിച്ചു. ആക്രമണത്തിനിടെ, സുധയുടെ തല കല്ലിൽ തട്ടി രക്തസ്രാവമുണ്ടായതായി റിപ്പോർട്ടുണ്ട്. സുധ കരയാൻ തുടങ്ങിയപ്പോൾ, വായ പൊത്തിപ്പിടിച്ചതായും തുടർന്ന് യുവതി ബോധരഹിതയായതായും ഷാജി പറഞ്ഞു.
സുധ തന്റെ കുടുംബജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് തന്നെ പ്രകോപിതായതെന്നും ഷാജി മൊഴി നൽകി. സുധ മുമ്പ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായും അതുകൊണ്ടാണ് മരണശേഷം പ്രതി സംഭവം ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. എന്നാൽ, ആ ട്രാക്ക് ഉപയോഗശൂന്യമാണെന്ന് ഷാജിയ്ക്ക് അറിയില്ലായിരുന്നു.
ഈ കാലയളവിൽ, സുധയുടെ സഹോദരി ഷാജിയെ പലതവണ വിളിച്ചതായും, ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് സുധ പോയതായി അയാൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സുധയും ഷാജിയും ഒരുമിച്ച് നടക്കുന്നതും പിന്നീട് ഷാജി ഒറ്റയ്ക്ക് മടങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ശരീരത്തിൽ കണ്ട രക്തക്കറകളും സംശയം ജനിപ്പിച്ചു. മൃതദേഹത്തിന് സമീപം കണ്ടെത്തിയ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ച ശേഷമാണ് യുവതിയെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ ഈ പ്രദേശത്തുകൂടി കടന്നുപോയ അമൃത എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. അദ്ദേഹം ഉടൻ തന്നെ അധികൃതരെ അറിയിച്ചു. മരട് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ മരണം ട്രെയിൻ തട്ടിയല്ലെന്ന് സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെയും കസ്റ്റഡിയിലെടുത്തു.

