ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷം തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി . മൂന്ന് അഴിമതി കേസുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പുർബച്ചോളിലെ രാജുക് ന്യൂ ടൗൺ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയതായി ആരോപിച്ചാണ് മൂന്ന് കേസുകളും ഫയൽ ചെയ്തിരിക്കുന്നത്. ഓരോ കേസിലും ഏഴ് വർഷത്തേക്കാണ് ശിക്ഷ. നിയമപരമായി അംഗീകരിച്ചതിലും കൂടുതൽ പ്ലോട്ടുകൾ അപേക്ഷ സമർപ്പിക്കാതെ ഷെയ്ഖ് ഹസീന സ്വീകരിച്ചതായി കോടതി നിരീക്ഷിച്ചു.
ബംഗ്ലാദേശ് ക്രിമിനൽ ട്രൈബ്യൂണൽ ആഴ്ചകൾക്ക് മുമ്പ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് വിധി. ഇതിനെത്തുടർന്ന്, ബംഗ്ലാദേശിലെ യൂനുസ് സർക്കാർ സുരക്ഷ കർശനമാക്കി
ഹസീനയെ കൂടാതെ, മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഐജിപി ചൗധരി അബ്ദുള്ള അൽ-മാമുൻ എന്നിവരും കേസിൽ കുറ്റക്കാരാണെന്ന് അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങൾ, പീഡനങ്ങൾ, തിരോധാനങ്ങൾ, തീവയ്പ്പുകൾ എന്നിവയ്ക്ക് മൂവരെയും കോടതി ഉത്തരവാദികളാക്കി. വിദ്യാർത്ഥി പ്രതിഷേധങ്ങളെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.

